x

പത്തനംതിട്ട : ക്രിസ്മസ് വിപണിയിൽ മിന്നിത്തിളങ്ങുകയാണ് എൽ.ഇ.ഡി നക്ഷത്രങ്ങൾ. വിവിധ നിറത്തിലും വലിപ്പത്തിലുമുള്ള നക്ഷത്രങ്ങൾക്കാണ് ആവശ്യക്കാരേറെ. 100 രൂപ മുതൽ മുകളിലേക്ക് എൽ.ഇ.ഡി നക്ഷത്രങ്ങൾ വിപണിയിൽ ലഭിക്കും. ചൈനീസ് നിർമ്മിത അലങ്കാര ബൾബുകളും ക്രിസ്മസ് ട്രീകളും കുറഞ്ഞവിലയിൽ ലഭിക്കുന്നുണ്ട്. നക്ഷത്ര അലങ്കാരങ്ങൾക്കായി പ്രത്യേക വിപണന കേന്ദ്രങ്ങൾ തന്നെയുണ്ട്. റോഡരികിൽ ക്രിസ്മസ് അലങ്കാരങ്ങൾ വില്പന നടത്തുന്നവരുമുണ്ട്. ക്രിസ്മസ് ട്രീകളും പുൽക്കൂടുമെല്ലാം വിപണിയിലുണ്ട്. നക്ഷത്രങ്ങൾ, ക്രിസ്മസ് ട്രീകൾ, പുൽക്കൂട് തുടങ്ങിയവയുടെ വിൽപന ഏറെക്കുറെ പൂർത്തിയായെന്ന് വ്യാപാരികൾ പറയുന്നു. ക്രിസ്മസ് കരോൾ ആവശ്യങ്ങൾക്കുള്ള അലങ്കാര വസ്തുക്കളാണ് ഇപ്പോൾ വില്പനയേറെയും. പേപ്പർ നക്ഷത്രങ്ങൾക്കും ആവശ്യക്കാരുണ്ട്.

കേക്ക് വിപണിയിൽ
ബേക്കറികൾ കേക്ക് വില്പനയ്ക്കായി സജ്ജമായി. അലങ്കാരങ്ങളേറെയുള്ള കേക്കുകളാണ് വിപണിയെ കൊഴുപ്പിക്കുന്നത്. ഐസ് കേക്കുകളാണ് ഇതിൽ പ്രധാനം. വിവിധ രൂപങ്ങളിലുള്ള കേക്കുകളും ഇത്തവണ വിപണിയിലുണ്ട്. പ്ലം, കാരറ്റ്, പൈനാപ്പിൾ, മാർബിൾ കേക്ക് എന്നിവയ്ക്കും ആവശ്യക്കാരേറെയാണ്. വിപണിയിലെ തിരക്ക് മുന്നിൽക്കണ്ട് ബേക്കറികൾ നേരത്തെ തന്നെ ഉത്പന്നങ്ങൾ തയാറാക്കി തുടങ്ങിയിരുന്നു. കുടുംബശ്രീ യൂണിറ്റുകളും നിരവധി സ്വയംസംരംഭകരും കേക്ക് വില്പനയിൽ സജീവമാണ്. കേക്ക് മേളകളും നടന്നുവരുന്നു.