
പത്തനംതിട്ട : ശബരിമലയിലെത്തുന്ന കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാനായി ടെലികോം സേവനദാതാക്കളായ വിഎെയുടെ സഹകരണത്തോടെ ക്യൂ ആർ കോഡ് റിസ്റ്റ് ബാൻഡ് സംവിധാനമൊരുക്കി ജില്ലാ പൊലീസ്. തിരക്കിനിടയിൽ കുട്ടികളെ കാണാതാകുന്ന സാഹചര്യങ്ങളിൽ, എത്രയും വേഗം കണ്ടെത്താൻ ഉപകരിക്കുംവിധം ക്യൂ ആർ കോഡുള്ള റിസ്റ്റ് ബാൻഡ് വൊഡാഫോൺ - ഐഡിയ കമ്പനിയാണ് അവതരിപ്പിച്ചത്. വോഡഫോൺ ഐഡിയ ലിമിറ്റഡിന്റെ കേരള സർക്കിൾ ഓപ്പറേഷൻസ് മേധാവിയും വൈസ് പ്രസിഡന്റുമായ ബിനു ജോസിന്റെ സാന്നിദ്ധ്യത്തിൽ ജില്ലാ പൊലീസ് മേധാവി വി.അജിത് ബാന്റ് ഔദ്യോഗികമായി പുറത്തിറക്കി.
കഴിഞ്ഞവർഷം 50 ലക്ഷത്തിലധികം തീർത്ഥാടകരാണ് എത്തിയത്. ഇതിൽ 4 ലക്ഷത്തോളം കുട്ടികളുണ്ടായിരുന്നു. ഈ തീർത്ഥാടനകാലത്ത് ഇതുവരെ 1,60,000 കുട്ടികളാണ് എത്തിയത്. കമ്പനിയുടെ സ്റ്റാളുകളിൽ നിന്ന് രക്ഷാകർത്താവിന്റെയോ കുടുംബാംഗങ്ങളുടേയോ മൊബൈൽ നമ്പർ നൽകി ക്യൂആർ കോഡ് ബാൻഡിനായി രജിസ്റ്റർ ചെയ്യാം. കുട്ടികളുടെ കയ്യിൽ ഇത് കെട്ടി ഈ സേവനം പ്രയോജനപ്പെടുത്താവുന്നതാണ്. കൂട്ടം തെറ്റിപോകുന്ന കുട്ടികളെ കണ്ടെത്തുമ്പോൾ, ക്യു ആർ കോഡ് സ്‌കാൻ ചെയ്ത് വിവരശേഖരണത്തിലൂടെ രജിസ്റ്റർ മൊബൈൽ നമ്പറിൽ ബന്ധപ്പെട്ട് രക്ഷിതാക്കളെയോ കുടുംബാംഗങ്ങളെയോ അറിയിച്ച് കുട്ടിയെ കൈമാറാൻ സാധിക്കും. തിരക്കിൽ ഒറ്റപ്പെട്ടുപോകുന്നവരെ കണ്ടെത്താൻ റിസ്റ്റ് ബാൻഡ് മാർഗം ഇപ്പോൾ പൊലീസ് ഉപയോഗിക്കുന്നുണ്ട്. ഈ സംവിധാനം കുറച്ചുകൂടി ഡിജിറ്റലൈസ് ചെയ്യുകയാണ് പുതിയരീതി. പൊലീസ് ഡിസ്ട്രിക്ട് ഹെഡ്ക്വാർട്ടേഴ്‌സ് അസിസ്റ്റന്റ് കമാൻഡന്റ് എം.സി.ചന്ദ്രശേഖരൻ, പമ്പ പൊലീസ് ഇൻസ്‌പെക്ടർ എസ്.മഹേഷ്‌കുമാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.