പത്തനംതിട്ട : സെന്റ് പീറ്റേഴ്സ് ജംഗ്ഷനിലെത്തുന്ന തീർത്ഥാടകർ വഴിയറിയാതെ ബുദ്ധിമുട്ടുന്നു. സെന്റ് പീറ്റേഴ്സ് ജംഗ്ഷനിൽ കാണത്തക്ക രീതിയിൽ റോഡിൽ ഒരു സ്ഥലത്തും ദിശാ സൂചിക സ്ഥാപിച്ചിട്ടില്ല. ശബരിമലയിൽ നിന്ന് മടങ്ങുന്ന തീർത്ഥാടകർ രാത്രിയാത്രക്കാരോടും മറ്റും ചോദിച്ചാണ് ഏത് റോഡാണെന്ന് തിരിച്ചറിയുന്നത്. തീർത്ഥാടന പാതയിലെ പ്രധാന ക്ഷേത്രങ്ങളായ പന്തളം വലിയ കോയിക്കൽ ക്ഷേത്രം,ചെങ്ങന്നൂർ മഹാദേവ ക്ഷേത്രം, ആറൻമുള പാർത്ഥസാരത്ഥി ക്ഷേത്രം എന്നിവിടങ്ങളിൽ ദർശനം നടത്തിയാണ് ശബരിമലയിലേക്ക് പോകുന്നത്. ഇവിടെ നിന്ന് ദർശനത്തിന് ശേഷം തീർത്ഥാടകർ പത്തനംതിട്ടയിലെത്തിയാണ് ശബരിമലയിലേക്ക് യാത്രചെയ്യുന്നത്. റിംഗ് റോഡിലേക്കെത്തുന്ന തീർത്ഥാടകർക്ക് സ്റ്റേഡിയം ജംഗ്ഷനിലോ, സെന്റ് പീറ്റേഴ്സ് ജംഗ്ഷനിലോ എത്തിയ ശേഷം എസ്.പി. ഓഫീസ് റോഡ് വഴി മൈലപ്ര എത്തിയാണ് ശബരിമലയിലേക്ക് പോകുന്നത്. ഇത്രയും ഭാഗത്ത് തീർത്ഥാടകർക്ക് റോഡ് കണ്ടെത്താനുള്ള യാതൊരു ദിശാ സൂചികയും ഇവിടില്ല.അർദ്ധ രാത്രിയിൽ മറ്റുയാത്രക്കാരെ
കൈകാണിച്ച് നിറുത്തിയാണ് തീർത്ഥാടകർ വഴി ചോദിക്കുന്നത്. മണ്ഡകാലം അവസാനിക്കാൻ ഇനിയും ദിവസങ്ങൾ ബാക്കി നിന്നിട്ടും അധികൃതർ ഇതൊന്നും കണ്ട മട്ടില്ല.
................................
"തീർത്ഥാകർക്ക് ആവശ്യമായ യാതൊരു സൂചനാ ബോർഡും ഇവിടില്ല. രാത്രിയിൽ ഡ്യൂട്ടിയിൽ പൊലീസും കാണില്ല. "
ബിനോയി
(ഓട്ടോ ഡ്രൈവർ)