c

പത്തനംതിട്ട : താലൂക്ക് ഉടനെ മാറും എന്ന് മൈലപ്രക്കാരും വള്ളിക്കോട്ടുകാരും ആശിച്ചിരിക്കുന്നത് വെറുതേയാകുമോ ?. രണ്ടു വില്ലേജുകളും കോന്നി താലൂക്കിൽ നിന്ന് കോഴഞ്ചേരിയിലേക്ക് മാറും എന്നറിയിച്ചുകൊണ്ട് സർക്കാർ ഗസറ്റ് വിജ്ഞാപനം ഇറക്കിയത് സെപ്തംബർ ആദ്യമാണ്. പുതുവർഷത്തിലേക്ക് കടക്കുമ്പാേഴെങ്കിലും സർക്കാർ പ്രഖ്യാപനം നടപ്പാകുമോ എന്നാണ് രണ്ടു വില്ലേജിൽ പെട്ടവരും ചോദിക്കുന്നത്. പക്ഷെ, അടുത്തെങ്ങും പ്രതീക്ഷിക്കാനുളള വകയില്ല. റവന്യു ഡയറക്ടറേറ്റിൽ നിന്ന് വില്ലേജ് മാറ്റം സംബന്ധിച്ച ഉത്തരവുകൾ കോന്നി, കോഴഞ്ചേരി താലൂക്ക് അധികൃതർക്ക് ലഭിച്ചിട്ടില്ല. രണ്ടു വില്ലേജുകളിലെയും ഫയലുകൾ കോഴഞ്ചേരി താലൂക്കിന് കൈമാറാൻ കോന്നിയിൽ തയ്യാറായിട്ടുണ്ട്.

വില്ലേജു മാറ്റം സംബന്ധിച്ച് സർക്കാരിന്റെ ഒൗദ്യോഗിക അറിയിപ്പ് വന്നതിന് പിന്നാലെ മൈലപ്രയിലെയും വള്ളിക്കോട്ടെയും ആളുകൾ ആവശ്യങ്ങൾക്കായി കോഴഞ്ചേരി താലൂക്ക് ഒാഫീസിൽ നേരിട്ടു പോയിരുന്നു. അവിടെ ചെന്നപ്പോഴാണ് താലൂക്ക് കോന്നിയിൽ തന്നെ എന്നറിഞ്ഞത്.മുമ്പ് കോഴഞ്ചേരി താലൂക്കിലായിരുന്ന ഈ രണ്ട് വില്ലേജുകളും 2009ലെ മണ്ഡല പുനർനിർണയ സമയത്താണ് കോന്നി നിയമസഭാ മണ്ഡലത്തിന്റെ ഭാഗമായത്. പിന്നീട് 2013ൽ രൂപീകരിച്ച കോന്നി താലൂക്കിന്റെ ഭാഗമാകുകയായിരുന്നു.

വരുമാനം കോന്നിയിൽ

രണ്ടു വില്ലേജുകളിൽ നിന്നുള്ള റവന്യു, നികുതി, രജിസ്ട്രേഷൻ വരുമാനം നിലവിൽ കോന്നി താലൂക്കിലാണ് ലഭിക്കുന്നത്.

രണ്ട് വില്ലേജുകളിലെയും ആളുകൾക്ക് വേഗത്തിൽ എത്താൽ കഴിയുന്നത് പത്തനംതിട്ട ആസ്ഥാനമായ കോഴഞ്ചേരി താലൂക്കിലാണ്. കോന്നി താലൂക്ക് ആസ്ഥാനത്തേക്ക് ദൂരക്കൂടുതൽ കാരണം വില്ലേജുകൾ കോഴഞ്ചേരിയിലേക്ക് മാറ്റണമെന്ന് നാട്ടുകാർ നിരന്തരം ആവശ്യപ്പെട്ടുവരികകയാണ്.

പുതിയ സാമ്പത്തിക വർഷം അടിസ്ഥാനമാക്കി വില്ലേജുകൾ കോഴഞ്ചേരിയിലേക്ക് മാറ്റുമെന്ന പ്രതീക്ഷയിലാണ് റവന്യു അധികൃതർ.

----------------------

'' പരമാവധി ഒരു മാസം കൊണ്ട് നടപടികൾ പൂർത്തിയാകും. രണ്ട് വില്ലേജുകളിലും പെട്ടവർക്ക് സൗകര്യപ്രദമായ തീരുമാനങ്ങളാണ് സർക്കാർ കൈക്കൊണ്ടിട്ടുളളത്.

അഡ്വ. കെ.യു ജനീഷ് കുമാർ എം.എൽ.എ

കോന്നി താലൂക്കിലെ വില്ലേജുകൾ- മൈലപ്ര, വള്ളിക്കോട് കലഞ്ഞൂർ, കൂടൽ, വി. കോട്ടയം, പ്രമാടം, കോന്നി, കോന്നി താഴം, ഐരവൺ, മലയാലപ്പുഴ, ചിറ്റാർ, സീതത്തോട്, തണ്ണിത്തോട്, അരുവാപ്പുലം വില്ലേജുകൾ.

കോഴഞ്ചേരി താലൂക്കിലെ വില്ലേജുകൾ- പത്തനംതിട്ട, കോഴഞ്ചേരി, ഓമല്ലൂർ, നാരങ്ങാനം, ചെന്നീർക്കര, കിടങ്ങന്നൂർ, ആറൻമുള, മെഴുവേലി, മല്ലപ്പുഴശ്ശേരി, ഇലന്തൂർ, കുളനട വില്ലേജുകൾ.