മൈലപ്ര: പുനലൂർ - പൊൻകുന്നം സംസ്ഥാന പാതയിൽ കുമ്പഴ വടക്ക് മൗണ്ട് ബഥനി ഹൈസ്‌കൂളിന് സമീപം മെയിൻ റോഡിൽ വാട്ടർ അതോറിട്ടിയുടെ പി.വി.സി പൈപ്പ് പൊട്ടിയത് ഒരാഴ്ചയായിട്ടും നന്നാക്കിയില്ല. പൈപ്പ് പൊട്ടിയ ഭാഗത്തെ ടാറിംഗും മണ്ണും ഉൾപ്പെടെ ഒരാൾ താഴ്ചയിൽ മാറ്റിയത് അതേപോലെ കിടക്കുന്നു. കെ.എസ്.ടി.പിയിൽ നിന്ന് പൈപ്പിന്റെ പണികൾ കരാർ ഏറ്റെടുത്ത കമ്പനി പണി പൂർത്തീകരിച്ചില്ല. വാട്ടർ അതോറിട്ടി കുമ്പഴ പമ്പ് ഹൗസിൽ നിന്ന് മൈലപ്ര കണ്ണമ്പാറ വാട്ടർ ടാങ്കിലേക്ക് വെള്ളം പമ്പ് ചെയ്താലും കുമ്പഴവടക്ക് മെയിൻ റോഡിൽ പൊട്ടിക്കിടക്കുന്ന പൈപ്പ് തകരാർ അധികൃതർ പരിഹരിക്കാതെ മൈലപ്രാ കണ്ണമ്പാറ വാട്ടർ ടാങ്കിൽ നിന്ന് മൈലപ്രാ ഭാഗത്തേയ്ക്ക് വെള്ളം പമ്പ് ചെയ്യാൻ കഴിയില്ല. ഇതുകാരണം മൈലപ്ര 5, 7, 10, 11 വാർഡുകളിൽ താമസിക്കുന്നവർക്ക് വെള്ളം ലഭിക്കുന്നില്ല. സ്വന്തമായി വീടുണ്ടെങ്കിലും കിണറില്ലാത്ത നിരവധി കുടുംബങ്ങൾ കണ്ണമ്പാറ, പതാലിൽപ്പാറ, ഓലിക്കൽപ്പടി, കാക്കാംതുണ്ട്, മീന്മൂട്ടിക്കൽ, ഇടക്കര, പഞ്ചായത്ത് പടി , തയ്യിൽപ്പടി പ്രദേശങ്ങളിൽ താമസിക്കുന്നുണ്ട്.
പൈപ്പ് തകരാർ മാറ്റുന്നതിന് മെയിൻ റോഡ് കുഴിയെടുത്ത മണ്ണും മറ്റും റോഡിൽത്തന്നെ കൂട്ടിയിട്ടിരിക്കുന്നത് കാരണം ഒരു വശത്തു കൂടി മാത്രമേ വാഹനങ്ങൾക്ക് കടന്നുപോകാൻ കഴിയൂ. റോഡിൽ പൈപ്പിന് കുഴിയെടുത്ത ഭാഗത്ത് അധികൃതർ റിബൺ വലിച്ചു കെട്ടിയിരിക്കുകയാണ്. ശബരിമല മണ്ഡല പൂജയും ക്രിസ്മസ്, പുതുവത്സര ദിവസങ്ങളും അടുത്തതോടെ ഈ ഭാഗത്തേക്കുള്ള വാഹനങ്ങളുടെ എണ്ണം കൂടിയിട്ടുണ്ട്.