പന്തളം: മുട്ടാർ നീർച്ചാൽ വീണ്ടും മാലിന്യവാഹിനിയാവുന്നു. നീരൊഴുക്ക് നിലച്ചതോടെയാണ് ചാൽ രോഗാണു നിർമ്മാണ കേന്ദ്രമായി മാറിയിരിക്കുന്നത്. ടൗണിലെ ചെറിയ പാലത്തിന് സമീപമാണ് ഇപ്പോൾ മാലിന്യങ്ങൾ അടിഞ്ഞുകൂടിയിരിക്കുന്നത്. ഇവിടെ നിരവധി സ്ഥാപനങ്ങളിൽ നിന്ന് കക്കൂസ് മാലിന്യം ചാലിലേക്ക് ഒഴുക്കുന്നതാണ് ഇപ്പോൾ അമിത ദുർഗന്ധത്തിന് കാരണമായി തീർന്നിരിക്കുന്നത്. ഇവിടെ ചാലിൽ കക്കൂസ് മാലിന്യങ്ങൾ ഒഴുക്കുന്നതിനെതിരെ നാട്ടുകാരും, യാത്രക്കാരും പലവട്ടം അധികൃതരോട് പരാതി അറിയിച്ചിരുന്നിട്ടും അനങ്ങാപ്പാറ നയമാണ് സ്വീകരിച്ചിരിക്കുന്നത്. നഗരം മുഴുവൻ ഇത് മൂലം മലീമസമാവുമ്പോൾ എം.സി റോഡിലൂടെ കടന്ന് പോകുന്നവർ മൂക്ക് പൊത്തേണ്ട അവസ്ഥയിലാണ്. ഇതിന് ശാശ്വത പരിഹാരം കാണേണ്ടതുണ്ട്.