പന്തളം: പന്തളം തെക്കേക്കര കുടുംബശ്രീ സി.ഡി.എസ്. ജില്ലാ മിഷന്റെ ചില്ലിവില്ലേജ് പദ്ധതി പ്രകാരം നടപ്പിലാക്കിയ മുളക് കൃഷിയുടെ വിളവെടുപ്പ് നടത്തി. കീടനാശിനി രഹിത മുളക് പൊടി ഉത്പാദിപ്പിക്കുന്നതിന് നടപ്പിലാക്കുന്ന പദ്ധതിയാണ് 'ചില്ലിവില്ലേജ്'. ഈ പദ്ധതി പ്രകാരം കാശ്മീരി മുളകിന്റെയും, പിരിയൻ മുളകിന്റെയും ഹൈബ്രിഡ് ഇനങ്ങൾ അഗ്രോ ഇക്കോളജിക്കൽ പ്രിൻസിപ്പിൾസ് പാരിസ്ഥിതിക എൻജിനീയറിംഗ് തത്വമനുസരിച്ചാണ് കുടുംബശ്രീയുടെ സ്‌നേഹദീപം ജെ.എൽ.ജി. കൃഷി ചെയ്തത്. കൃഷി ചെയ്യുന്നതിന് ആവശ്യമായ സ്ഥലം ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി പഞ്ചായത്ത് കൃഷിക്ക് അനുയോജ്യമാക്കി. വിളവെടുപ്പ് ഉദ്ഘാടനം മുൻ മന്ത്രി ഡോ. തോമസ് ഐസക്ക് നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എസ്. രാജേന്ദ്രപ്രസാദിന്റെ അദ്ധ്യക്ഷത വഹിച്ചു.ബീന പ്രഭ, രാജി പ്രസാദ്, ആദില എസ്, റാഹേൽ, പ്രിയ ജ്യോതികുമാർ,വിദ്യാധര പണിക്കർ, പൊന്നമ്മ വർഗീസ്, ശ്രീവിദ്യ,ആശ,കെ.ബി ശ്രീദേവി,സി.ഡി.എസ് അംഗങ്ങൾ, അക്കൗണ്ടന്റ് വിനീത, മെമ്പർ സെക്രട്ടറി അജിത് കുമാർ, കുടുംബശ്രീ അംഗങ്ങൾ എന്നിവർ പങ്കെടുത്തു.