
ശബരിമല : തുടർച്ചയായ നാലാം ദിവസവും സന്നിധാനത്ത് അഭൂതപൂർവമായ തിരക്ക്. പമ്പയിലും ശബരിപീഠത്തിലും മരക്കൂട്ടത്തും ഭക്തരെ നിയന്ത്രിച്ചാണ് കടത്തിവിടുന്നത്. മരക്കൂട്ടത്ത് അഞ്ച് മണിക്കൂറോളം ക്യൂ നിൽക്കേണ്ടി വരുന്നു. പമ്പാ മണൽപ്പുറം നിറഞ്ഞാണ് ഭക്തരെത്തുന്നത്. ഇവിടെ നിയന്ത്രണമുണ്ട്. മണ്ഡലപൂജ ദിവസമായ 27വരെ വെർച്വൽ ക്യൂ ബുക്കിംഗ് പൂർണമായി. ബുക്ക് ചെയ്യുന്നവരിൽ ഏറെപ്പേരും ദർശനത്തിന് എത്തുന്നുണ്ട്. മണ്ഡലകാലത്ത് ഇന്നലെ വരെ കാനന പാതയായ അഴുതക്കടവുവഴിയും സത്രം പുല്ലുമേട് വഴിയും 1,06,468 തീർത്ഥാടകരാണ് സന്നിധാനത്ത് എത്തിയത്.
ഡിസംബർ 20 വരെ പരമ്പരാഗത കാനനപാതയായ അഴുതക്കടവ് വഴി 55,366 തീർത്ഥാടകരും സത്രം പുല്ലുമേടു വഴി 45,223 തീർത്ഥാടകരും എത്തി. ഇന്നലെ അഴുതക്കടവ് വഴി 3042 തീർത്ഥാടകരും സത്രം വഴി 2837 തീർത്ഥാടകരും സന്നിധാനത്ത് എത്തി.
കാനനപാതയിലൂടെ എത്തുന്ന ഭക്തരുടെ സുരക്ഷയ്ക്ക് വലിയ ക്രമീകരണങ്ങളാണ് വനംവകുപ്പ് ഒരുക്കിയിരിക്കുന്നത്. ഉച്ചകഴിഞ്ഞു 3.20 വരെയാണ് അഴുതക്കടവിലൂടെ തീർത്ഥാടകരെ കടത്തിവിടുക. പുല്ലുമേട്ടിൽ ഉച്ചകഴിഞ്ഞു 2.50വരെയും. പാതകളിൽ വന്യമൃഗശല്യം ചെറുക്കുന്നതിനായി സൗരവേലി ഒരുക്കിയിട്ടുണ്ട്. രാത്രി നീരീക്ഷണവും ഉറപ്പാക്കി. അഴുതക്കടവ് വഴിയുള്ള പാതയിൽ 45 വനംവകുപ്പ് ജീവനക്കാർ, 25 ബീറ്റ് ഫോറസ്റ്റ് ഉദ്യോഗസ്ഥർ, 45 പേരടങ്ങുന്ന എലിഫന്റ് സ്‌ക്വാഡ് എന്നിവരെയാണ് നിയോഗിച്ചിട്ടുള്ളത്. സത്രം പാതയിൽ വനം വകുപ്പിന്റെ 35 ജീവനക്കാർ, 25 ബീറ്റ് ഫോറസ്റ്റ് ഉദ്യോഗസ്ഥർ, 30 പേരടങ്ങുന്ന എലിഫന്റ് സ്‌ക്വാഡ് എന്നിവരേയും നിയോഗിച്ചിട്ടുണ്ട്.