പന്തളം: ക്ഷേത്രങ്ങൾ രാഷ്ട്രത്തെ കോർത്തിണക്കിയ സാംസ്‌കാരിക ശക്തിയാണെന്ന് ഗോവ ഗവർണർ പി .എസ് .ശ്രീധരൻ പിള്ള പറഞ്ഞു. പന്തളം മഹാദേവർ ക്ഷേത്രത്തിലെ 33-ാ മത് ഹിന്ദു ധർമ്മസമ്മേളനത്തിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. തന്ത്രശാസ്ത്രത്തിന്റെ വ്യത്യസ്തമായ വഴിത്താരകളിൽ അതിന്റെ അടിവേരുകൾ കണ്ടെത്തുമ്പോഴാണ് ഒരു സമൂഹത്തിന് ഉണരാൻ സാധിക്കുക. അതുകൊണ്ടാണ് ക്ഷേത്രങ്ങളും ആരാധനകളും ഉത്സവങ്ങളുമെല്ലാം ഒരു സമൂഹത്തിന്റെ ഭൗതികവും ആത്മീയവുമായ ഉണർവ്വിന്റെ നിതാന്ത ജാഗ്രതക്കുള്ള ഘടകങ്ങളായി മാറുന്നതെന്നും അദ്ദേഹം പറഞ്ഞു. ഭവന സമർപ്പണ പദ്ധതിയുടെ നറുക്കെടുപ്പും അദ്ദേഹം നിർവഹിച്ചു. ഡോ.രാമാനന്ദ് , ബി.ജെ.പി സംസ്ഥാന വക്താവ് സന്ദീപ് വാചസ്പതി എന്നിവർ പ്രഭാഷണം നടത്തി. പന്തളം നഗരസഭ ചെയർപേഴ്‌സൺ സുശീല സന്തോഷ് അദ്ധ്യക്ഷത വഹിച്ചു. ഹിന്ദു സേവാസമിതി പ്രസിഡന്റ് എം.ജി ബിജുകുമാർ ഗവർണർക്ക് ഫലകം സമ്മാനിച്ചു. പി.രാധാകൃഷ്ണൻ സ്വാഗതവും പ്രദീപ്കുമാർ ടി എസ് നന്ദിയും പറഞ്ഞു.