
ലോകരക്ഷകന്റെ ജനന സ്മരണയിൽ ക്രിസ്മസിനായി ക്രൈസ്തവ സമൂഹം ഒരുങ്ങുകയാണ്. തിരുപ്പിറവിയുടെ ദൃശ്യങ്ങളും പുൽക്കൂടുകളും ഇല്ലാത്ത ഒരു ക്രിസ്മസിനെക്കുറിച്ച് നമുക്ക് ചിന്തിക്കാൻ പോലും കഴിയില്ല. ഉണ്ണിയേശുവിനോട് ഏറെഭക്തി ഉണ്ടായിരുന്ന വിശുദ്ധ ഫ്രാൻസിസ് അസീസിയുടെ മനോഹരമായ ഒരു ആശയത്തിൽ നിന്നുമാണ് ആദ്യത്തെ പുൽക്കൂട് പിറക്കുന്നത്. ബേത്‌ലഹേം സന്ദർശിച്ചതിനു ശേഷം 1221 ൽ വി.ഫ്രാൻസിന്റെ മനസിലാണ് ആശയം ഉദിച്ചത്. ദേവാലയത്തിനകത്ത് രൂപങ്ങൾ കൊണ്ടുമാത്രം പുൽക്കൂട് ഒരുക്കുവാൻ അല്ല, മറിച്ച് കുന്നിൻ ചരുവിലെ ചെറിയ തോട്ടത്തിൽ മൃഗങ്ങൾ അടക്കം ഉള്ളവയെ ഉൾക്കൊള്ളിച്ചു കൊണ്ടുള്ള ജീവനുള്ള ദൃശ്യമാണ് അദ്ദേഹം ഒരുക്കിയത് .
"ജനിച്ചു വീണ ദാരിദ്ര്യത്തെ " വിളിച്ചോതുന്ന ശക്തമായ ഒരു ദൃശ്യാവിഷ്കരണം ആയിരുന്നു അത്. ഓരോ അംശത്തിലും ലാളിത്യത്തിനും കരുതലിന്റെയും ഫ്രാൻസിസ്കൻ സ്പർശമുള്ള ഒരു പുൽക്കൂട്. ഇത് അതിവേഗം പ്രചാരത്തിലായി.1291ൽ നിക്കോളാസ് നാലാമൻ മാർപാപ്പ റോമിലെ ബസിലിക്കയിൽ സ്ഥിരമായി പുൽക്കൂട് നിർമ്മിക്കുവാൻ ഉത്തരവിട്ടു. പുൽക്കൂട്ടിൽ വാഴുന്ന പൊന്നുണ്ണിയുടെ ചുറ്റും പരിശുദ്ധ മാതാവിനെയും യൗസേഫ് പിതാവിനെയും മൃഗങ്ങളേയും ആട്ടിടയന്മാരേയും ആടുകളേയും കിഴക്കുനിന്നുള്ള മൂന്ന് ജ്ഞാനികളെയും യാത്രയിൽ ആയിരിക്കുന്നതുപോലെ ഒരുക്കിയിട്ടുണ്ടാവും. പുൽക്കൂടിനു മുകളിൽ നക്ഷത്രവും കാണാം.
കവി വി.മധുസൂദനൻ നായർ പാടിയതുപോലേ "ഓരോ ശിശുരോധനത്തിലും കേൾപ്പൂ ഞാനൊരു കോടീശ്വര വിലാപം ഓരോ കരിന്തിരിക്കണ്ണിലും കാൺമൂ ഞാനൊരു കോടി ദേവ നൈരാശ്യം " ലോകത്തിന്റെ രക്ഷയ്ക്കായി ദാസന്റെ രൂപം ധരിച്ച് കാലി തൊഴുത്തിൽ പിറന്ന ദിവ്യസുതനെ സ്വീകരിക്കുവാൻ നമ്മുടെ ഹൃദയങ്ങൾ ആകുന്ന പുൽക്കൂടിനെ ലാളിത്യം കൊണ്ടും എളിമ കൊണ്ടും നമുക്ക് ഒരുക്കാം.