
പത്തനംതിട്ട : പമ്പയിൽ നിന്ന് തങ്കഅങ്കി അടങ്ങിയ പേടകം തലയിലേന്തി സന്നിധാനത്തേക്ക് എത്തിക്കുന്നത് തിരുവാഭരണ വാഹകരായ ഏഴംഗ സംഘം. തിരുവാഭരണ വാഹക സംഘത്തിലെ വലിയ ഗുരുസ്വാമി കുളത്തിനാൽ ഗംഗാധരൻ പിള്ളയുടെ മകൻ ഉണ്ണികൃഷ്ണൻ, തോട്ടത്തിൽ പ്രതാപചന്ദ്രൻ നായർ, വെളിച്ചപ്പാട്ട് വിജയകുമാർ, പനച്ചിക്കൽ വിനീത്, തോട്ടത്തിൽ പ്രവീൺ കുമാർ, ദീപു നന്തിലപള്ളിൽ, ഗോപിനാഥക്കുറുപ്പ് എന്നിവരെയാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ് നിശ്ചയിച്ചത്. മുൻ വർഷങ്ങളിൽ അയ്യപ്പ സേവാസംഘത്തിന്റെ പ്രവർത്തകരാണ് തങ്കഅങ്കി പേടകം സന്നിധാനത്ത് എത്തിച്ചിരുന്നത്. സന്നിധാനത്ത് അന്നദാനം ഉൾപ്പടെയുള്ള പ്രവർത്തനങ്ങളിൽ നിന്ന് ദേവസ്വം ബോർഡ് അയ്യപ്പസേവാ സംഘത്തിന് വിലക്കേർപ്പെടുത്തിയിരുന്നു. ഇതേ തുടർന്നാണ് സംഘത്തിന്റെ പ്രവർത്തകരെ ഒഴിവാക്കി തിരുവാഭരണ വാഹകസംഘത്തിലെ ഏഴുപേരെ ചുമതലപ്പെടുത്തിയത്. ആറന്മുള പാർത്ഥസാരഥി ക്ഷേത്ര സന്നിധിയിൽ നിന്ന് 23ന് രാവിലെ 7ന് തങ്ക അങ്കി രഥഘോഷയാത്ര ആരംഭിച്ച് 26ന് പമ്പാ ഗണപതി കോവിലിനു സമീപം വരെ രഥം എത്തിച്ചേരും. ഇവിടെ നിന്ന് പ്രത്യേക പേടകത്തിലാക്കിയ ശേഷം ശരണപാതയായ നീലിമല, ശരംകുത്തിവഴിയാണ് തങ്കഅങ്കി സന്നിധാനത്ത് എത്തിക്കുക.