v

പത്തനംതിട്ട : വൃദ്ധജനങ്ങൾ ഒറ്റപ്പെടാതെ ഒരുമിച്ചു കൂടാനും അവരുടെ മാനസിക ഉല്ലാസങ്ങൾക്ക് അവസരമൊരുക്കുന്നതിനും സർക്കാർ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വഴി നടപ്പാക്കുന്ന പകൽ വീട്. പദ്ധതി ജില്ലയിൽ പലയിടത്തും പാളി . വെച്ചൂച്ചിറ, പെരുനാട് , തേക്കുതോട്, പള്ളിക്കൽ, ഉളനാട് പോളച്ചിറ, പാണിൽ , പുതുവാക്കൽ എന്നിവിടങ്ങളിലാണ് പകൽ വീടുകളുള്ളത്. ഇവിടങ്ങളിൽ കോന്നി, കുളനട പഞ്ചായത്തുകളിലെ ഓരോ പകൽ വീടുകളാണ് പ്രവർത്തിക്കുന്നത്. ബാക്കിയുള്ളവ പാതി വഴിയിൽ നിർമ്മാണം നടക്കുന്നതും പൂട്ടിയിട്ടിരിക്കുന്നവയുമാണ്. ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഇളകൊള്ളൂരിൽ പകൽ വീടുണ്ട്. 25 പേർ ദിവസവും ഇവിടെയെത്താറുണ്ടെന്ന് അധികൃതർ പറയുന്നു. പകൽവീടുകളിൽ എത്തുന്നവർക്ക് വയോ പോഷണം പദ്ധതിയും തയ്യാറാക്കുന്നുണ്ട്.സാമൂഹ്യനീതി വകുപ്പിന്റെ നേതൃത്വത്തിൽ പകൽ വീടുകൾ സായംപ്രഭ വീടുകളാക്കുന്ന പദ്ധതി നടക്കുന്നുണ്ട്. നിലവിൽ കോന്നി ബ്ലോക്കിന്റെ കെട്ടിടത്തിൽ സായംപ്രഭ പകൽ വീട് പ്രവർത്തിക്കുന്നുണ്ട്.

അറുപത് വയസിന് മുകളിലുള്ളവർക്കായാണ് പകൽ വീട് പദ്ധതി തയ്യാറാക്കിയത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കാണ് നടത്തിപ്പ് ചുമതല. എന്നാൽ ജില്ലയിലെ എല്ലാ പഞ്ചായത്തുകളും ഈ പദ്ധതി ബഡ്ജറ്റിൽ ഉൾപ്പെടുത്തുമെങ്കിലും നടപ്പാക്കാറില്ല. പത്തനംതിട്ട നഗരത്തിൽ ഈ പദ്ധതി പൂർണമായും നിലച്ചിരിക്കുകയാണ്.

സായംപ്രഭ വീടാക്കി മാറ്റാം

പകൽ വീടുകൾ പഞ്ചായത്ത് തല കമ്മിറ്റി കൂടി സാമൂഹ്യനീതി വകുപ്പിന്റെ സായംപ്രഭ വീടാക്കി മാറ്റാം. ഇവിടെ ജോലി ചെയ്യുന്ന കെയർ ഗീവർ ജോലിക്കാർക്ക് സാമൂഹ്യനീതിയുടെ ഏഴായിരം രൂപ ഹോണറേറിയം അനുവദിക്കും. ആകെ നൽകേണ്ടതിന്റെ അൻപത് ശതമാനമാണിത്. ബാക്കി തുക പഞ്ചായത്ത് നൽകേണ്ടി വരും. വൃദ്ധജനങ്ങൾക്ക് പരസ്പരം സംവദിക്കാനുള്ള വേദിയൊരുക്കുന്ന പകൽവീട് സർക്കാരിന്റെ മികച്ച പദ്ധതിയാണെങ്കിലും വേണ്ടത്ര പ്രോത്സാഹനം പദ്ധതിയ്ക്ക് ലഭിക്കുന്നില്ല.

-----------------

പകൽ വീടുകൾ സാമൂഹ്യനീതി വകുപ്പ് ഏറ്റെടുത്ത് സായംപ്രഭ ഹോം ആക്കാറുണ്ട്. അപേക്ഷ തന്നാൽ മതി. ജീവനക്കാർക്ക് 50 ശതമാനം ഹോണറേറിയം സാമൂഹ്യ നീതി വകുപ്പ് തരും. വൃദ്ധ ജനങ്ങൾക്ക് ഏറെ ആവശ്യമുള്ളതും പ്രയോജനപ്പെടുന്നതുമായ പദ്ധതിയായിരുന്നു ഇത്. "

ജെ. ഷംല ബീഗം

(ജില്ലാ സാമൂഹ്യ നീതി ഓഫീസർ)