അടൂർ : പെരിങ്ങനാട് തൃശ്ചേന്ദമംഗലം മഹാദേവ ക്ഷേത്രത്തിന്റെ ശ്രീകോവിലിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ അന്തിമഘട്ടത്തിലേക്ക്. വർഷങ്ങൾ പഴക്കമുള്ള ശ്രീകോവിൽ കാലപ്പഴക്കത്താൽ ജീർണ്ണാവസ്ഥയിലായതിനെ തുടർന്ന് കഴിഞ്ഞ രണ്ട് വർഷമായി പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടന്നുവരികയാണ്. അഷ്ടമംഗല ദേവപ്രശ്ന വിധിപ്രകാരം ശ്രീകോവിലിന്റെ ജീർണ്ണാവസ്ഥ ഉടനടി പരിഹരിക്കണമെന്ന നിർദ്ദേശമുണ്ടായി. ശ്രീകോവിലിന്റെ മേൽക്കൂര പൂർണ്ണമായും ഇളക്കി പുതിയ തേക്കിൻ തടയിൽ 36 കഴുക്കോലുകൾ കൊത്തുപണികളോടുകൂടിയും നൂറ്റാണ്ടുകൾ പഴക്കമുള്ള ദാരുശിൽപ്പങ്ങൾ ഔഷധലേപനം ചെയ്ത് തനതുശൈലിയിൽ നിലനിറുത്തുവാനും , മേൽക്കൂര ചെമ്പോലപാകുന്നതിനും ശ്രീകോവിലന്റെ പഞ്ചവർഗ്ഗത്തറ, പാദുകം, കുമുദം വേദിക ഉൾപ്പെടെ പുതിയ കൃഷ്ണശിലയിലുമാണ് നിർമ്മിച്ചിരിക്കുന്നത്. വെള്ളി കട്ടിളകളുടെ സമർപ്പണം ജനുവരി 1നും വെള്ളി കതകിന്റെ സമർപ്പണം 7നും നടക്കും. ശ്രീകോവിൽ പുനഃപ്രതിഷ്ഠ ഏഴ് ദിവസം നീണ്ടുനിൽക്കുന്ന ഉത്സവപ്രധാന്യത്തോടെയാണ് നടത്തുന്നത്. ജനുവരി 14 ന് രാവിലെ 8ന് കൊട്ടാരക്കര മഹാഗണപതി ക്ഷേത്രത്തിൽ നിന്ന് ശ്രീകോവിലിൽ സമർപ്പിക്കുവാനുള്ള തങ്ക താഴികക്കുടം വഹിച്ചുള്ള ഘോഷയാത്ര വിവിധ ക്ഷേത്രങ്ങൾ, മത സാമുദായിക സംഘടനകളുടെ സ്വീകരണങ്ങൾ ഏറ്റുവാങ്ങി വൈകിട്ട് 7 ന് ക്ഷേത്രത്തിൽ എത്തിച്ചേരും. ജനുവരി 16 മുതൽ 22 വരെ ശ്രീകോവിൽ പുനഃപ്രതിഷ്ഠാ ചടങ്ങുകൾ നീണ്ടുനിൽക്കും. 22ന് തന്ത്രി കണ്ഠരര് രാജീവരരുടെ കാർമ്മികത്വത്തിൽ രാവിലെ 8.45നും 9.43 നും മദ്ധ്യേയുള്ള ശുഭമുഹൂർത്വത്തിൽ പുനഃപ്രതിഷ്ഠാ ചടങ്ങുകൾ നടക്കും. ജനുവരി 17 മുതൽ 22 വരെ അന്നദാനം നടക്കും. ഇതിനാവശ്യമായ ഉൽപ്പന്നങ്ങൾ ഇല്ലം നിറയ്ക്കായി ക്ഷേത്രത്തിൽ നിന്നു നേരിട്ടും പത്തുകരകളുടേയും ഹൈന്ദവസേവാ സമിതകൾ നേരിട്ടെത്തിയും സമാഹരിക്കും. ക്ഷേത്ര പൂജാദി കർമ്മങ്ങൾക്കായി 11 വെള്ളികലശങ്ങളുടെ സമർപ്പണം ജനുവരി 11ന് നടക്കും. പുനഃപ്രതിഷ്ഠയോട് അനുബന്ധിച്ച് പുഷ്പാഭിഷേകം, പുഷ്പാലങ്കാരങ്ങളും ഭക്തർ നേർച്ചയായി സമർപ്പിക്കുന്നുണ്ട്. നിലവിൽ ഷഢാധാര പ്രതിഷ്ഠാ രീതിയിലാണ് നിർമ്മിച്ചിരിക്കുന്നത്. ശ്രീകോവിൽ കല്ലിന്റെ പണികൾ ശിൽപ്പി സദാശിവൻ ആചാരിയുടേയും സ്ഥപതി കെ. കെ. ശിവന്റെയും നേതൃത്വത്തിലാണ് നടന്നു വരുന്നത്. നാൽപ്പതംഗ ഭരണസമിതിയാണ് പണികളുടെ മേൽനോട്ടം വഹിക്കുന്നത്.