മല്ലപ്പള്ളി : കോട്ടാങ്ങൽ ഭദ്രകാളി ക്ഷേത്രത്തിലെ 28 പടയണിക്ക് ഇന്ന് ചൂട്ട് വയ്ക്കും. കുളത്തൂർ കരയിൽ താഴത്തുവീട്ടിൽ കൊട്ടാരത്തിൽ മുത്തോംമുറി കൃഷ്ണപിള്ളയും കോട്ടാങ്ങൽ കരയിൽ പുളിക്കൽ കൊട്ടാരത്തിൽ സുരേഷുമാണ് ചൂട്ടുവയ്ക്കുന്നത്. ജനുവരി 11നാണ് ക്ഷേത്രത്തിൽ 8 പടയണിക്ക് ചൂട്ടുവയ്ക്കുന്നത്. 8 പടയണി ചൂട്ട്വയ്‌പ്പോടെ ക്ഷേത്രത്തിൽ പടയണി ആരംഭിക്കും. പടയണി കളത്തിലേക്ക് ദേവിയെ വിളിച്ചിറക്കുന്നുവെന്നാണ് ഐതീഹ്യം. 12ന് ചൂട്ടുവലത്തു നടക്കും. 13നും, 14നും ഗണപതിക്കോലവും, 15നും 16നും അടവിയും, 17നും 18നും വലിയപടയണിയും നടക്കും. വലിയ പടയണി നാളിൽ നടക്കുന്ന വേലയും വിളക്കും ക്ഷേത്രത്തിലെ പ്രധാന ചടങ്ങാണ്. തിരുമുഖ ദർശത്തിനായി പതിനായിരങ്ങളാണ് അന്ന് ക്ഷേത്ര സന്നിധിയിൽ എത്തുന്നത്. മകരഭരണ നാളിൽ ഇരുകരക്കാരും പുലവൃത്തം തുള്ളി പിരിയുന്നതോടെ പടയണി മംഗളകരമായി പര്യവസാനിക്കും.