24-ayroor-sreedharanpilla

അയിരൂർ ശ്രീനാരായണ കൺവെൻഷൻ തുടങ്ങി

കോഴഞ്ചേരി: ബൗദ്ധിക ശക്തിയനുസരിച്ച് വ്യാഖ്യാനിക്കാൻ കഴിയുന്നതും ലോകത്തിന് ദിശാബോധം നൽകുന്നതുമായ ദർശനമാണ് ശ്രീനാരായണ ഗുരുവിന്റേതെന്നും ഇത് പവിത്രമായി തലമുറകൾക്ക് കൈമാറണമെന്നും ഗോവ ഗവർണർ പി.എസ്.ശ്രീധരൻ പിള്ള പറഞ്ഞു. അയിരൂർ ശ്രീനാരായണ കൺവെൻഷന്റെ ഒന്നാം ദിവസത്തെ സമ്മേളനത്തിൽ മുഖ്യ അതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.ഗുരുദർശനം സമൂഹത്തിനായുള്ള പൊതുസ്വത്താണ്. അത് സംരക്ഷിക്കേണ്ടത് നമ്മുടെ കടമയുമാണെന്ന് അദ്ദേഹം പറഞ്ഞു.. നിത്യനികേതനം മഠാധിപതി സ്വാമി മുക്താനന്ദയതി സമ്മേളനം ഉദ്ഘാടനം ചെയ്തു.ഗുരുദർശനത്തിന്റെ വർദ്ധിത പ്രസക്തി ലോകം തിരിച്ചറിഞ്ഞു തുടങ്ങിയെന്നും ഗുരുദർശനം പഠന വിധേയമായി തുടങ്ങിയെന്നും അദ്ദേഹം പറഞ്ഞു.

ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് അംഗം പ്രബോധ തീർത്ഥ സ്വാമി മുഖ്യ പ്രഭാഷണം നടത്തി.എസ്.എൻ.ഡി.പി യോഗം കോഴഞ്ചേരി യൂണിയൻ പ്രസിഡന്റ് കെ.എൻമോഹൻ ബാബു അദ്ധ്യക്ഷത വഹിച്ചു. യോഗം അസി.സെക്രട്ടറി പി.എസ്.വിജയൻ, യൂണിയൻ വൈസ് പ്രസിഡന്റ് വിജയൻ കാക്കനാടൻ ,മിഷൻ പ്രസിഡന്റ് സി.എൻ.ബാബു രാജൻ എന്നിവർ സംസാരിച്ചു. ഉച്ചകഴിഞ്ഞ് നടന്ന വനിതാ യുവജനസമ്മേളനം അഡ്വ.പ്രമോദ് നാരായൺ ഉദ്ഘാടനം ചെയ്തു.വനിതാ സംഘം യൂണിയൻ പ്രസിഡന്റ് വിനീതാ അനിൽ അദ്ധ്യക്ഷത വഹിച്ചു. കോട്ടയം സജീഷ് മണലേൽ പ്രഭാഷണം നടത്തി. വനിതാ സംഘം യൂണിയൻ സെക്രട്ടറി ബാംബി രവീന്ദ്രൻ സംസാരിച്ചു.

കൺവെൻഷനിൽ ഇന്ന്


രാവിലെ 9 മുതൽ ഭക്തിഗാനസുധ. 10.15ന് കൊട്ടാരക്കര യൂണിയൻ സെക്രട്ടറി അഡ്വ.അരുൾ കൊട്ടാരക്കര ധ്യാന സന്ദേശം നൽകും.10.30 ന് ശിവബോധാനന്ദ സ്വാമിയുടെ കാർമ്മികത്വത്തിൽ നടക്കുന്ന ശ്രീ നാരായണ ദിവ്യപ്രബോധനവും ധ്യാനവും .വൈകിട്ട് 4ന് മഹാ സർവ്വൈശ്വര്യ പൂജ.