acident-
അപകടത്തിൽപെട്ട ഡെലിവറി വാന്‍

റാന്നി: ഡെലിവറി വാനിടിച്ച് വൈദ്യുതി തൂൺ തകർന്നു.മുക്കട- ഇടമൺ - അത്തിക്കയം ശബരിമല പാതയിൽ പാറേക്കടവിന് സമീപം തൈപ്പറമ്പിൽ പടിയിൽ ഇന്നലെ രാവിലെ 11.30നായിരുന്നു അപകടം. ദിശതെറ്റി അമിത വേഗതയിൽ വന്ന ശബരിമല തീർത്ഥാടകരുടെ ബസിൽ ഇടിക്കാതിരിക്കാൻ എതിരെ എത്തിയ ഡെലിവറി വാഹനം വെട്ടിച്ചപ്പോളാണ് അപകടം ഉണ്ടായത്.സംഭവത്തിൽ ആർക്കും പരിക്കില്ല.11 കെ.വി ലൈൻ വലിച്ചിരുന്ന വൈദ്യുതി തൂണാണ് ഒടിഞ്ഞു തൂങ്ങിയത്.അപകടത്തിന് പിന്നാലെ വൈദ്യുതി ലൈൻ വാഹനത്തിലും പാതയിലുമായി വീണെങ്കിലും വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടതിനാൽ വലിയ ദുരന്തം ഒഴിവായി.മുമ്പ് ടിപ്പർ ലോറി തട്ടി പാതയിലേക്ക് ചരിഞ്ഞു നിന്നിരുന്ന വൈദ്യുതി തൂണാണ് ഒടിഞ്ഞത്. ഇത് ശരിയാക്കി സ്ഥാപിക്കണമെന്ന ആവശ്യവുമായി നാട്ടുകാർ നിരവധി തവണ വൈദ്യുതി വകുപ്പിനെ സമീപിച്ചിരുന്നു. അപകടത്തിന് ശേഷം വിട്ടു പോകാൻ ശ്രമിച്ച തീർത്ഥാടക വാഹനം നാട്ടുകാർ തടഞ്ഞെങ്കിലും പിന്നീട് ഇവരെ പോകാൻ അനുവദിച്ചു.വിവരം അറിഞ്ഞ് വൈദ്യുതി വകുപ്പ് റാന്നി നോർത്ത് സെക്ഷനിലെ ജീവനക്കാർ സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു.ക്രിസ്മസ് അവധി ആയതോടെ പാതയിൽ വലിയ തീർത്ഥാടക തിരക്കാണ് അനുഭവപ്പെടുന്നത്.ഇവിടെ ഗതാഗത തടസം ഉണ്ടായതിനാൽ വാഹനങ്ങൾ വഴി തിരിച്ചു വിട്ടു.