
ശബരിമല : ശർക്കരക്ഷാമം മൂലം ഉത്പാദനം നിലച്ചതിനാൽ അപ്പം-അരവണ വില്പനയ്ക്ക് ഇന്നലെ രാവിലെ മുതൽ ശബരിമലയിൽ നിയന്ത്രണം ഏർപ്പെടുത്തി. ഒരു തീർത്ഥാടകന് 5 ബോട്ടിൽ അരവണയും 5 പായ്ക്കറ്റ് അപ്പവും മാത്രമാണ് നൽകുന്നത്. ഇതോടെ പ്രസാദ കൗണ്ടറുകൾക്ക് മുന്നിൽ തിരക്കേറി. മഹാരാഷ്ട്രയിൽ നിന്നുള്ള ശർക്കരയാണ് കരാറുകാർ എത്തിച്ചിരുന്നത്. ഇവിടെ കരിമ്പ് ക്ഷാമം രൂക്ഷമായതിനാൽ രണ്ടാഴ്ചയായി ശർക്കര എത്തുന്നില്ല. കരാർ തുകയായ കിലോയ്ക്ക് 42. 90രൂപയ്ക്ക് പകരം 47 രൂപ നൽകണമെന്ന് കരാർ കമ്പനി ആവശ്യപ്പെട്ടിരുന്നു. എന്നാൽ ദേവസ്വം ബോർഡ് ഇത് അംഗീകരിച്ചില്ല. മറ്റ് മാർഗങ്ങളിലൂടെ ശർക്കര എത്തിക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. മണ്ഡലപൂജ വരെ പ്രസാദ നിർമ്മാണത്തിനുള്ള ശർക്കര സ്റ്റോക്ക് ഉണ്ടെന്നായിരുന്നു ദേവസ്വം ബോർഡിന്റെ കണക്കുകൂട്ടൽ. എന്നാൽ, കഴിഞ്ഞ ഒരാഴ്ചയായി ലക്ഷത്തോട് അടുത്ത തീർത്ഥാടകർ പ്രതിദിനം എത്തിയതാണ് പ്രതിസന്ധിക്കിടയാക്കിയത്. ഇന്നലെ വൈകിട്ട് നിലയ്ക്കലിൽ അരവണ വിതരണം പൂർണമായി നിറുത്തി. രണ്ടു ദിവസത്തിനകം പ്രതിസന്ധി പരിഹരിക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി ദേവസ്വം ബോർഡ് അധികൃതർ പറഞ്ഞു.