ശബരിമല: സന്നിധാനത്ത് വാദ്യമേളകളുടെയും ശരണാരവ ഘോഷത്തിന്റെയും ഉത്സവം തീർത്ത് തിരുവിതാംകൂർ ദേവസ്വം ബോർഡ് ജീവനക്കാരുടെ കർപ്പൂരാഴി ഘോഷയാത്ര . സന്നിധാനത്ത് സേവനമനുഷ്ഠിക്കുന്ന ദേവസ്വം ബോർഡ് ജീവനക്കാർ മണ്ഡല മഹോത്സവത്തിന്റെ ഭാഗമായി എല്ലാ വർഷവും നടത്താറുള്ള കർപ്പൂരാഴി ഘോഷയാത്രയാണിത്.
ഇന്നലെ സന്ധ്യക്കു ദീപാരാധനയ്ക്കുശേഷം 6.40ന് കൊടിമരത്തിന് മുന്നിൽനിന്നു തന്ത്രി കണ്ഠരര് മഹേഷ് മോഹനരും മേൽശാന്തി പി.എൻ. മഹേഷ് നമ്പൂതിരിയും ചേർന്ന് കർപ്പൂരാഴിയ്ക്ക് അഗ്‌നി പകർന്നു .തുടർന്ന് ക്ഷേത്രത്തിനു വലംവച്ചു നീങ്ങിയ ഘോഷയാത്ര ഫ്‌ളൈ ഓവർ കടന്നു മാളികപ്പുറം ക്ഷേത്രസന്നിധിവഴി നടപ്പന്തലിൽ വലം വച്ചു പതിനെട്ടാംപടിയ്ക്കു മുന്നിൽ സമാപിച്ചു.
പുലിവാഹനമേറിയ അയ്യപ്പൻ, ശിവൻ, പാർവതി, ഹനുമാൻ തുടങ്ങിയ ദേവതാരൂപങ്ങളും ഘോഷയാത്രയിൽ അണിനിരന്നു.
വർണക്കാവടിയും മയൂരനൃത്തവും വിളക്കാട്ടവും കർപ്പൂരാഴി ഘോഷാത്രയ്ക്ക് മിഴിവേകി.
തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത്, ശബരിമല പൊലീസ് സ്‌പെഷ്യൽ ഓഫീസർ കെ.എസ്. സുദർശൻ, ശബരിമല എക്‌സിക്യൂട്ടീവ് ഓഫീസർ എച്ച്. കൃഷ്ണകുമാർ, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ ഒ.ജി. ബിജു, ദേവസ്വം ബോർഡ് പി.ആർ.ഒ. സുനിൽ അരുമാനൂർ എന്നിവർ പങ്കെടുത്തു.
തുടർച്ചയായ രണ്ടാംദിവസമാണ് ശബരിമല സന്നിധാനത്തു കർപ്പൂരാഴി ഘോഷയാത്ര നടക്കുന്നത്. സന്നിധാനത്തു സേവനമനുഷ്ഠിക്കുന്ന പൊലീസ് ഉദ്യോഗസ്ഥർ നേതൃത്വം കൊടുത്ത കർപ്പൂരാഴി ഘോഷയാത്ര ഡിസംബർ 22ന് വൈകിട്ട് നടത്തിയിരുന്നു. മണ്ഡലപൂജയ്ക്കു മുന്നോടിയായാണ് സന്നിധാനത്ത് കർപ്പൂരാഴി ഘോഷയാത്ര നടത്തുന്നത്. 27ന് രാവിലെ 10.30നും 11നും മദ്ധ്യേയുള്ള മുഹൂർത്തത്തിലാണ് മണ്ഡലപൂജ.