x-mass

സന്തോഷത്തിന്റെയും സമാധാനത്തിന്റെയും സന്ദേശം ലോകത്തിന് പങ്കുവച്ചുകൊണ്ട് വീണ്ടുമൊരു ക്രിസ്മസ്. ഒറ്റവാക്കിൽ ക്രിസ്മസ് എന്ന് പറഞ്ഞാൽ മനുഷ്യത്വവും മനസാക്ഷിയും മരവിച്ച മനുഷ്യസമൂഹത്തിന്, മനുഷ്യത്വത്തിന്റെ നല്ല പാഠങ്ങൾ പകർന്നു കൊടുക്കാൻ ദൈവം മനുഷ്യൻ ആയതത്രെ. ഈ കാലഘട്ടത്തിലെ ഏറ്റവും വലിയ അടിയന്തരാവശ്യവും അതുതന്നെയാണ്. വിദ്യാഭ്യാസവും സാമ്പത്തികവുമൊക്കെ ഒരുവശത്ത് വർദ്ധിക്കുമ്പോൾ മറുവശത്ത് മനുഷ്യത്വവും മനസാക്ഷിയും നഷ്ടപ്പെടുകയാണ്. ക്രിസ്മസിന്റെ ഏറ്റവും വലിയ സന്ദേശം കാരുണ്യത്തിന്റെ പങ്കിടിലാണ്, അപരനോടുള്ള ഉത്തരവാദിത്വം ഓർമ്മപ്പെടുത്തുകയാണ്. ഫ്രാൻസിസ് മാർപാപ്പ ആദ്ധ്യാത്മികതയെ പോലും വിശേഷിപ്പിക്കുന്നത് " A sense of Responsibility to others and to the world" ലോകത്തോടും മറ്റുള്ളവരോടും ഉള്ള ഉത്തരവാദിത്ത ബോധമാണ് അദ്ധ്യാത്മികത എന്നത്. ആഘോഷങ്ങൾക്കപ്പുറം ഉത്തരവാദിത്വത്തെ നിറവേറ്റാൻ തയ്യാറാവുമ്പോൾ ക്രിസ്മസ് അർത്ഥവത്താവുന്നു. ക്രിസ്മസിനോട് അനുബന്ധിച്ച കൃതികൾ നമ്മൾ പരിശോധിച്ചു നോക്കിയാൽ മനുഷ്യമനസുകൾക്ക് ഉണ്ടാകേണ്ട വ്യതിയാനം അഥവാ പരിവർത്തനമാണ് ഊന്നൽ നൽകുന്നത്. 1843 ൽ എഴുതപ്പെട്ട Charles Dickens ന്റെ A Christmas carol തുടങ്ങിയ കഥകളിലെല്ലാം കാരുണ്യത്തിന്റെയും കരുതലിന്റെയും പങ്കിടലിന്റെയും അടിയന്തര ആവശ്യകതയാണുള്ളത്. എവിടെയൊക്കെയും കാരുണ്യത്തിന്റെയും കരുതലിന്റെയും പങ്കിടലിന്റെയും അനുഭവമുണ്ടെങ്കിൽ ജാതിമത വർണവർഗ ഭേദങ്ങൾക്ക് അതീതമായി അവിടെയെല്ലാം ക്രിസ്മസ് അർത്ഥവത്താകുകയാണ്. അതുകൊണ്ട് കാരുണ്യത്തിന്റെ ഒരു കർമ്മമെങ്കിലും നമുക്ക് ചെയ്യാനായിട്ട് കഴിയണം. മനുഷ്യജീവിതത്തിൽ നിന്ന് ചോർന്നുപോയി കഴിഞ്ഞ മനുഷ്യത്വവും മനസാക്ഷിയും തിരിച്ചു വീണ്ടെടുക്കാനും പ്രായോഗികമാക്കുവാനും ഈ ക്രിസ്മസ് നമ്മെ ഓർമ്മപ്പെടുത്തുന്നു എല്ലാവർക്കും അനുഗ്രഹീത ക്രിസ്മസിന്റെയും പുതുവർഷത്തിന്റെയും മംഗളാശംസകൾ.

ഡോക്ടർ യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്ത,

(മലങ്കര ഓർത്തഡോക്സ് സഭ സുന്നഹദോസ്

സെക്രട്ടറിയും നിരണം ഭദ്രാസനാധിപനും)