30ന് ശിവഗിരി മഹാസമാധിയിൽ സമാപിക്കും
ചിറ്റാർ: ശിവഗിരി തീർത്ഥാടക സംഘത്തിന്റെ ആഭിമുഖ്യത്തിൽ, ശിവഗിരിയിലേക്ക് തീർത്ഥാടന പദയാത്ര ചിറ്റാർ ശ്രീനാരായണ നഗറിൽ ഇന്ന് ആരംഭിക്കും. രാവിലെ 11ന് കെ.യു ജനീഷ് കുമാർ എം.എൽ.എ സമ്മേളനം ഉദ്ഘാടനം ചെയ്യും. തീർത്ഥാടക സംഘം ചെയർമാൻ അഡ്വ. കെ.എൻ. സത്യാനന്ദപ്പണിക്കർ അദ്ധ്യക്ഷത വഹിക്കും. ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് മുൻ പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ പദയാത്ര ഉദ്ഘാടനവും അനുഗ്രഹ പ്രഭാഷണവും നടത്തും. പദയാത്ര ക്യാപ്റ്റൻ പി.എസ് ലാലൻ ധർമ്മ പതാക ഏറ്റുവാങ്ങും. എസ്.എൻ.ഡി.പി യോഗം റാന്നി യൂണിയൻ അഡ്മിനിസ്ട്രേറ്റർ അഡ്വ. മണ്ണടി മോഹനൻ, പത്തനംതിട്ട യൂണിയൻ സെക്രട്ടറി ഡി. അനിൽകുമാർ എന്നിവർ തീർത്ഥാടന സന്ദേശം നൽകും. ചിറ്റാർ സെന്റ്പോൾസ് മാർത്താേമ ചർച്ച് വികാരി റവ. സി.കെ കൊച്ചുമോൻ ആലുവ സർവമത ശതാബ്ദി സമ്മേളന സന്ദേശം നൽകും. പഞ്ചായത്ത് പ്രസിഡന്റ് രവികല എബി മുഖ്യപ്രഭാഷണം നടത്തും. ജനറൽ കൺവീനർ സി.എസ് വിശ്വംഭരൻ സ്വാഗതവും പദയാത്ര ചീഫ് കോർഡിനേറ്റൻ പി.എൻ മധുസൂദനൻ നന്ദിയും പറയും. ഉച്ചയ്ക്ക് 2.30ന് പദയാത്ര ആരംഭിച്ച് 30ന് വൈകിട്ട് അഞ്ചിന് ശിവഗിരി മഹാസമാധിയിൽ സമാപിക്കും.