f
കേരളകൗമുദി പ്രസിദ്ധീകരിച്ച റിപ്പോർട്ട്

പത്തനംതിട്ട : വനംവകുപ്പിൽ ചട്ടവിരുദ്ധമായി സ്ഥാനക്കയറ്റം ലഭിച്ച അഞ്ഞൂറിലേറെ സെക്ഷൻ ഫോറസ്റ്റ് ഓഫീസർമാരെ (എസ്.എഫ്.ഒ) തരംതാഴ്ത്താൻ കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ ഉത്തരവിട്ടു. ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരിൽ നിന്ന് സ്ഥാനക്കയറ്റം ലഭിച്ചവർക്കാണ് വിധി ബാധകം. വകുപ്പുതല പരീക്ഷ പാസാകാതെ സെക്ഷൻ ഫോറസ്റ്റ് ഓഫീസർമാരായവരെ തരംതാഴ്ത്തണമെന്ന അഡിഷണൽ പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്ററുടെ ഉത്തരവ് നടപ്പാക്കാതെ പൂഴ്ത്തിവച്ചത് കേരളകൗമുദി കഴിഞ്ഞ നവംബർ 22ന് റിപ്പോർട്ട് ചെയ്തി​രുന്നു.

എസ്.സി, എസ്.ടി വിഭാഗക്കാർ മൂന്ന് വർഷത്തിനുള്ളിലും മറ്റുള്ളവർ രണ്ടു വർഷത്തിനുള്ളിലും വകുപ്പുതല പരീക്ഷ വിജയിച്ചാലേ പ്രമോഷൻനൽകാവൂ എന്നാണ് 2010ലെ ഫോറസ്റ്റ് സബോർഡിനേറ്റ് സർവീസ് റൂൾ ഭേദഗതിയിൽ പറയുന്നത്. അനർഹമായി സ്ഥാനക്കയറ്റം കിട്ടിയവരെ തരംതാഴ്ത്താത്തതിനാൽ,

പരീക്ഷ വിജയിച്ച ബീറ്റ് ഫോറസ്റ്റ് ഓഫീസർമാർക്ക് പ്രൊമോഷൻ ലഭിക്കുന്നില്ലെന്ന് കേരളകൗമുദി ചൂണ്ടിക്കാട്ടിയിരുന്നു. യോഗ്യത നേടിയവർ പത്രറിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അഡ്മിനിസ്ട്രേറ്റീവ് കോടതിയെ സമീപിച്ചു. പരീക്ഷ പാസാകാതെ സ്ഥാനക്കയറ്റം നേടിയവരെ രണ്ട് മാസത്തിനുള്ളിൽ തരംതാഴ്ത്തണമെന്ന് ഉത്തരവിലുണ്ട്.

പരീക്ഷ എഴുതാത്ത ബീറ്റ് ഫോറസ്റ്റ് ഓഫീസർമാർക്ക് അൻപത് വയസ് തികഞ്ഞാൽ മാത്രമേ സെക്ഷൻ ഫോറസ്റ്റ് ഓഫീസർമാരായി സ്ഥാനക്കയറ്റം നൽകാവൂ എന്നാണ് ചട്ടം. ഇതു ലംഘിച്ചാണ് സ്ഥാനക്കയറ്റം നൽകിയത്.

ചട്ടവിരുദ്ധമായി ഡെപ്യൂട്ടി

റേഞ്ചറായി സ്ഥാനക്കയറ്റം

ചട്ടവിരുദ്ധമായി സെക്ഷൻ ഫോറസ്റ്റ് ഓഫീസറായ (എസ്.എഫ്.ഒ) വ്യക്തിക്ക് അടുത്തിടെ ഡെപ്യൂട്ടി റേഞ്ചറായി സ്ഥാനക്കയറ്റം നൽകിയത് വനപാലകരിൽ അമർഷത്തിനിടയാക്കി. പരീക്ഷ പാസാകാതെ എസ്.എഫ്.ഒ ആയവരുടെ പട്ടിക ആവശ്യപ്പെട്ട് ഫോറസ്റ്റ് ഡിവിഷനിലേക്ക് 2021ൽ കത്തെഴുതിയ അഡിഷണൽ പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ തന്നെയാണ് ഡെപ്യൂട്ടി റേഞ്ചറായി സ്ഥാനക്കയറ്റം നൽകി ഇക്കഴിഞ്ഞ 20ന് ഉത്തരവിട്ടത്. വടകരയിലെ സെക്ഷൻ ഫോറസ്റ്റ് ഓഫീസറെ മലയാറ്റൂർ ഡിവിഷനിൽ ഡെപ്യൂട്ടി റേഞ്ചറായാണ് നിയമിച്ചത്.