ശബരിമല : മണ്ഡലകാല തീർത്ഥാടനത്തിന് പരിസമാപ്തി കുറിച്ച് തങ്കഅങ്കി ചാർത്തിയുള്ള മണ്ഡലപൂജ 27ന് നടക്കും. തങ്കഅങ്കി രഥഘോഷയാത്ര 26ന് ഉച്ചയ്ക്ക് 1.30ന് പമ്പയിൽ എത്തിച്ചേരും. തുടർന്ന് ഗണപതി കോവിലിൽ ഭക്തർക്ക് തങ്കഅങ്കി ദർശനത്തിനായി സൗകര്യമൊരുക്കും.
ഉച്ചയ്ക്ക് ശേഷം 3ന് പ്രത്യേക പേടകത്തിലാക്കുന്ന തങ്കഅങ്കി ഗുരുസ്വാമിമാർ തലയിലേന്തി സന്നിധാനത്തേക്ക് പുറപ്പെടും. വൈകിട്ട് 5.15ന് ശരംകുത്തിയിൽ ദേവസ്വം ബോർഡിന്റെ നേതൃത്വത്തിൽ സ്വീകരിക്കും. ഇവിടെ നിന്ന് പതിനെട്ടാം പടിയിലൂടെ കൊടിമരച്ചുവട്ടിലെത്തുന്ന തങ്കഅങ്കി ഘോഷയാത്രയെ ദേവസ്വം മന്ത്രിയും ബോർഡ് പ്രതിനിധികളും ചേർന്ന് സ്വീകരിച്ച് സോപാനത്തിലേക്ക് ആനയിക്കും. തന്ത്രി കണ്ഠര് മഹേഷ് മോഹനരും മേൽശാന്തി പി.എൻ.മഹേഷ് നമ്പൂതിരിയും ചേർന്ന് തങ്കഅങ്കി ശ്രീകോവിലിനുള്ളിലേക്ക് കൊണ്ടുപോകും. തുടർന്ന് നട അടച്ച് തങ്കഅങ്കി അയ്യപ്പ വിഗ്രഹത്തിൽ ചാർത്തി 6.30ന് ദീപാരാധന നടത്തും.27ന് രാവിലെ 10.30നും 11നും മദ്ധ്യേയുള്ള മുഹൂർത്തത്തിൽ മണ്ഡലപൂജ നടക്കും. അന്നേ ദിവസം രാവിലെ 9.45 വരെ മാത്രമാകും നെയ്യഭിഷേകം.