ശബരിമല : ശബരിമലയിൽ അപ്പം,​ അരവണ വിതരണത്തിന് പ്രതിസന്ധിയില്ലെന്നും ശർക്കരയുടെ ലഭ്യതക്കുറവിനെ തുടർന്ന് കഴിഞ്ഞ ദിവസം ഏതാനും മണിക്കൂറുകൾ മാത്രമാണ് വില്പനയ്ക്ക് നി​യന്ത്രണം ഏർപ്പെടുത്തിയതെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്.പ്രശാന്ത് പറഞ്ഞു. മണ്ഡലകാലത്ത് പ്രസാദവിതരണത്തിനുള്ള ശർക്കര എത്തിക്കുന്നതിന് മഹാരാഷ്ട്രയിലുള്ള കമ്പനികളുമായാണ് കരാറുള്ളത്. ദിവസവും മൂന്നുലോഡ് ശർക്കര (32 ടൺ വീതം) എത്തിക്കുന്നതിനാണ് കരാർ. ഗതാഗതപ്രശ്നങ്ങളെത്തുടർന്ന് ലോഡ് എത്താൻ വൈകിയതാണ് ചെറിയ പ്രശ്നമായത്. ഡിസംബർ 22ന് വൈകിട്ട് ആറുമണിക്ക് എത്തേണ്ട ശർക്കര ലോഡ് അടുത്തദിവസം ഒൻപതുമണിയോടെയാണ് എത്തിയത്. കരുതൽ ശേഖരമായി ശർക്കര ലോക്കൽ പർച്ചേസ് നടത്താൻ ദേവസ്വം ബോർഡ് തീരുമാനിച്ചി​ട്ടുണ്ട്. ഇന്ന് വൈകിട്ട് ടെൻഡർ തുറക്കും. ടെൻഡർ അംഗീകരിച്ചാൽ നാളെ മുതൽ ആവശ്യമായ ശർക്കര എത്തിക്കാനാകുമെന്നാണ് പ്രതീക്ഷ. മണ്ഡലപൂജാസമയത്തും മകരവിളക്കുത്സവത്തിനും പ്രസാദവിതരണം സുഗമമായി നടത്താൻ സാധിക്കുമെന്നാണ് കരുതുന്നതെന്നും പ്രസിഡന്റ് പറഞ്ഞു.