sabari

ശബരിമല : ഏലയ്ക്കയി​ൽ കീടനാശി​നി​യുടെ അംശമുള്ളതായി​ കണ്ടെത്തി​യതി​നെ തുടർന്ന് കഴിഞ്ഞ മണ്ഡലകാലത്ത് വിതരണം ചെയ്യാതെ സന്നിധാനത്ത് സൂക്ഷിച്ചിരിക്കുന്ന അരവണ ഇൗ തീർത്ഥാടന കാലത്തും മാറ്റില്ല. നിശ്ചിത കാലയളവ് കഴിഞ്ഞതോടെ ശർക്കര പുളിച്ചുപൊങ്ങി ടിന്നുകൾ പൊട്ടി അരവണ പുറത്തേക്ക് ഒഴുകുന്നുണ്ട്. മണംപിടിച്ച് വന്യജീവികളെത്തുമോയെന്ന ആശങ്കയുണ്ടെങ്കിലും മണ്ഡല പൂജയ്ക്കുശേഷം നടയടയ്ക്കുന്ന രണ്ട് ദിവസങ്ങളിലായി അരവണ ട്രാക്ടറിൽ പമ്പയിലെത്തിച്ച് സുരക്ഷിത സ്ഥാനത്തേക്ക് നീക്കാനായിരുന്നു ദേവസ്വം ബോർഡ് ആലോചിച്ചിരുന്നത്. എന്നാൽ അരവണ മാറ്റാൻ 300 ട്രാക്ടറെങ്കിലും വേണ്ടിവരുമെന്നാണ് ദേവസ്വം ഉദ്യോഗസ്ഥർ പറയുന്നത്. തീർത്ഥാടകർ ഒഴിയുന്ന സമയത്ത് അപ്പം,അരവണ നിർമ്മാണത്തിനുള്ള ശർക്കരയും അരവണ കണ്ടയ്നറുകളും എത്തിക്കുന്നതും കൊപ്ര ഉൾപ്പടെയുള്ളവ താഴേക്ക് കൊണ്ടുപോകുന്നതിനും വ്യാപരികൾക്ക് സാധനങ്ങൾ കൊണ്ടുപോകുന്നതിനും ട്രാക്ടറുകൾ ആവശ്യമാണ്. ഇത്തരത്തിലുള്ള സാധനങ്ങൾ മാറ്റുന്നത് മുടങ്ങിയാൽ മകരവിളക്ക് തീർത്ഥാടനത്തിന് തിരിച്ചടിയുണ്ടാകും. അരവണ ഏറ്റെടുക്കാൻ ഏതാനും കമ്പനികൾ രംഗത്ത് വന്നിട്ടുണ്ടെങ്കിലും ടെൻഡർ നടപടി പൂർത്തിയാക്കാൻ കഴിയാത്തതും അരവണ മാറ്റുന്നതിന് തടസമായി. ആദ്യഘട്ടത്തിൽ അരവണ വനത്തിൽ കുഴിയെടുത്ത് മറവുചെയ്യാൻ ആലോചിച്ചെങ്കിലും വന്യജീവികൾക്ക് ഭീഷണിയാകുമെന്നതിനാൽ വനംവകുപ്പ് അനുവദിച്ചില്ല. ഏലയ്ക്കയിൽ കീടനാശിനി കലർന്നിട്ടുണ്ടെന്ന് കണ്ടെത്തിയതോടെ ഹൈക്കോടതി നിർദ്ദേശപ്രകാരം മാറ്റിവച്ച 6.65 ലക്ഷം ടിൻ അരവണയാണ് മാളികപ്പുറത്തെ ഗോഡൗണിലുള്ളത്. പിന്നീട് നടത്തിയ പരിശോധനയിൽ വിഷാംശം ഇല്ലെന്ന് കണ്ടെത്തിയെങ്കിലും അപ്പോഴേക്കും അരവണ പഴകിയിരുന്നു. പുതിയതായി നിർമ്മിക്കുന്ന അരവണ സന്നിധാനത്തെ ഗോഡൗണിലാണ് സൂക്ഷിക്കുന്നത്.

വനംവകുപ്പിന്റെ തടസവാദം പ്രതിസന്ധിയായി : പി.എസ്.പ്രശാന്ത്
അരവണ കണ്ടയ്നറിന്റെ ലോഹഭാഗങ്ങളും പേപ്പർ ഉപയോഗിച്ച് നിർമ്മിച്ച ഭാഗവും മുറിച്ചുമാറ്റി അരവണ വേർതിരിക്കാൻ കഴിയുന്ന യന്ത്രം ടെൻഡറിൽ പങ്കെടുക്കാൻ താത്പര്യം കാണിച്ച ഒരു കമ്പനി നിർമ്മിച്ചിട്ടുണ്ട്. ഇങ്ങനെ വേർതിരിക്കുമ്പോൾ പുളിച്ച ശർക്കരയുടെ മണം വനമേഖലയിലേക്ക് പടർന്ന് ആന ഉൾപ്പടെയുള്ള വന്യജീവികൾ എത്തും. ഇത് തീർത്ഥാടകർക്ക് കൂടുതൽ അപകടം വരുത്തുമെന്നാണ് വനംവകുപ്പിന്റെ നിരീക്ഷണം. തീർത്ഥാടനത്തിനുശേഷം അരവണ കണ്ടയ്നറുകൾ നിലയ്ക്കലിലേക്ക് മാറ്റി സംസ്‌കരിക്കുന്നതിന് നടപടി സ്വീകരിക്കും. ഇതിനായി സർക്കാറിന്റെ സഹായം പ്രതീക്ഷിക്കുന്നതായും ദേവസ്വം പ്രസിഡന്റ് പി.എസ്.പ്രശാന്ത് പറഞ്ഞു.