
ശബരിമല: ശബരീശ വിഗ്രഹത്തിൽ തങ്ക അങ്കി ചാർത്തി നടന്ന ദീപാരാധന തൊഴുത് ഭക്തസഹസ്രങ്ങൾ പുണ്യം നേടി. ഇന്ന് രാവിലെ 10.30നും 11നും മദ്ധ്യേയുള്ള മീനം രാശി ശുഭ മുഹൂർത്തത്തിൽ മണ്ഡലപൂജ നടക്കും. 11ന് നട അടയ്ക്കും. മകരവിളക്ക് ഉത്സവത്തിനായി 30ന് വൈകിട്ട് 5ന് നടതുറക്കും. ജനുവരി 15നാണ് മകരവിളക്ക്.
ആറൻമുള പാർത്ഥസാരഥി ക്ഷേത്രത്തിൽ നിന്ന് 23ന് പുറപ്പെട്ട തങ്ക അങ്കി ഘോഷയാത്ര ഇന്നലെ ഉച്ചയ്ക്ക് രണ്ടിനാണ് പമ്പയിലെത്തിയത്. പമ്പ ദേവസ്വം അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ സി.പി. സതീശ് കുമാറിന്റെ നേതൃത്വത്തിൽ സ്വീകരിച്ചു. 3.30വരെ പമ്പാ ഗണപതി കോവിലിൽ തങ്കഅങ്കി ദർശനത്തിനുവച്ചു. തുടർന്ന് പ്രത്യേക പേടകത്തിലാക്കി സന്നിധാനത്തേക്ക് ഘോഷയാത്ര പുറപ്പെട്ടു.
വൈകിട്ട് 5.30ന് ശരംകുത്തിയിലെത്തിയ ഘോഷയാത്രയെ ശബരിമല ദേവസ്വം എക്സിക്യുട്ടീവ് ഓഫീസർ വി. കൃഷ്ണകുമാറിന്റെ നേതൃത്വത്തിൽ സ്വീകരിച്ച് പതിനെട്ടാംപടിയിലേക്ക് ആനയിച്ചു. കൊടിമരച്ചുവട്ടിൽ മന്ത്രി കെ. രാധാകൃഷ്ണൻ, കെ.യു. ജനീഷ് കുമാർ എം.എൽ.എ, തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് തുടങ്ങിയവർ സ്വീകരിച്ച് സോപാനത്തേക്ക് കൊണ്ടുവന്നു. തന്ത്രി കണ്ഠരര് മഹേഷ് മോഹനര്, മേൽശാന്തി പി.എൻ. മഹേഷ് നമ്പൂതിരി എന്നിവർ ചേർന്ന് ഏറ്റുവാങ്ങി ശ്രീലകത്ത് എത്തിച്ചു. തുടർന്ന് അയ്യപ്പ വിഗ്രഹത്തിൽ ചാർത്തി ദീപാരാധന നടത്തി.
ശ്രീചിത്തിര തിരുനാൾ ബാലരാമവർമ്മ മഹാരാജാവ് 1973ൽ അയ്യപ്പന് സമർപ്പിച്ചതാണ് പൊൻവാളും കിരീടവും ഉൾപ്പെടെ 451പവൻ തൂക്കമുള്ള തങ്കഅങ്കി.