ഇലവുംതിട്ട: ശിവഗിരി തീർത്ഥാടന സമ്മേളന നഗറിൽ സ്ഥാപിക്കാനുള്ള ഗുരുദേവ വിഗ്രഹവുമായി മൂലൂർ സ്മാരകത്തിൽ നിന്ന് ശിവഗിരിയിലേക്ക് രഥഘോഷയാത്ര നാളെ ആരംഭിക്കും. ഉച്ചയ്ക്ക് 2.30ന് മന്ത്രി വീണാജോർജ് ഉദ്ഘാടനം ചെയ്യും. മുൻ എം.എൽ.എ കെ.സി രാജഗോപാലൻ അദ്ധ്യക്ഷത വഹിക്കും. ശിവഗിരി മഠം ശ്രീനാരായണ ധർമ്മസംഘം ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ അനുഗ്രഹ പ്രഭാഷണം നടത്തും.

ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് പോൾ രാജൻ, ജില്ലാ പഞ്ചായത്തംഗം ആർ. അജയകുമാർ, ബ്ളോക്ക് പഞ്ചായത്തംഗം രജിതാ കുഞ്ഞുമോൻ, മെഴുവേലി പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനിലാ ചെറിയാൻ എന്നിവർ സംസാരിക്കും. മൂലൂർ സ്മാരകം സെക്രട്ടറി പ്രൊഫ. ഡി. പ്രസാദ് സ്വാഗതവും കൺവീനർ വി. പ്രേമജകുമാർ നന്ദിയും പറയും. രഥഘോഷയാത്ര നാളെ ശിവഗിരിയിൽ എത്തിച്ചേരും.

തൊണ്ണൂറ്റിയൊന്നു വർഷം മുമ്പ് പീതാംബരധാരികളായ അഞ്ച് പേർ ഇലവുംതിട്ടയിലെ സരസകവി മൂലൂർ എസ്. പത്മനാഭ പണിക്കരുടെ വസതിയിൽ നിന്ന് ആരംഭിച്ച തീർത്ഥാടനം ഇന്ന് പതിനായിരങ്ങൾ പങ്കെടുക്കുന്ന തീർത്ഥാടന സമ്മേളനമായി മാറുകയായിരുന്നു.