
കോഴഞ്ചേരി : ആചാരം സംസ്‌കാരത്തിന്റെ ഭാഗമാണെന്നും അതിൽ അനാചാരങ്ങൾ കടന്നുകൂടാതിരിക്കാൻ ജാഗ്രത വേണമെന്നും എസ്.എൻ.ഡി.പിയോഗം കോഴഞ്ചേരി യൂണിയൻ പ്രസിഡന്റ് കെ.എൻ.മോഹൻ ബാബു പറഞ്ഞു. അയിരൂർ ശ്രീനാരായണ കൺവെൻഷന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിജയലാൽ നെടുങ്കണ്ടം മുഖ്യപ്രഭാഷണം നടത്തി. ഗുരുദർശനമനുസരിച്ച് ജീവിതം നയിക്കുന്നവർക്ക് ഈശ്വരനെ തേടി എവിടെയും പോകേണ്ടതില്ലെന്ന് അദ്ദേഹം പറഞ്ഞു. യോഗം അസി.സെക്രട്ടറി പി.എസ്.വിജയൻ, യോഗം ഇൻസ്‌പെക്ടിംഗ് ഓഫീസർ രവീന്ദ്രൻ എഴുമറ്റൂർ, യൂണിയൻ കമ്മിറ്റി അംഗം വി.എസ്.സനിൽ നാരങ്ങാനം, സി.എൻ.ബാബുരാജൻ, എസ്.ശ്രീകുമാർ, സദാനന്ദൻ ശാന്തി എന്നിവർ സംസാരിച്ചു. തുടർന്ന് ഗുരുദേവ കൃതികളുടെ നൃത്താവിഷ്‌കാരം നടന്നു. കലാമത്സരങ്ങളിലെ വിജയികൾക്കുള്ള ട്രോഫികളും വിതരണം ചെയ്തു.