road
നിർമ്മാണം മുടങ്ങിയ തോട്ടഭാഗം - ചങ്ങനാശ്ശേരി പാതയിലെ ഉത്ഥാനത്തുപടി

തിരുവല്ല : അഞ്ച് വർഷം പിന്നിട്ടിട്ടും തോട്ടഭാഗം - ചങ്ങനാശ്ശേരി പാതയുടെ പുനരുദ്ധാരണം പാതിപോലും പൂർത്തിയായില്ല. വീതിയെടുപ്പ് ഉൾപ്പെടെയുള്ള പണികൾ എങ്ങുമെത്തിയിട്ടില്ല. 12 മീറ്റർ വേണ്ടയിടത്ത് ചിലയിടങ്ങളിൽ പത്തുമീറ്ററിൽ താഴെയാണ്. ടാറിംഗ് ഏഴുമീറ്റർ വീതിയിലാണ്. ബാക്കി വീതി നടപ്പാത, ഓട, ബസ്‌ബേ, പാർക്കിംഗ് എന്നിവയ്ക്കാണ്. ആദ്യഘട്ട ടാറിംഗ് നടത്തിയതാണ് അൽപ്പം ആശ്വാസം. ഓടയുടെ പണികളും പൂർത്തിയാകാതെ കിടക്കുന്നു. കാലാവസ്ഥ അനുകൂലമായിട്ടും കരാർ ജോലികൾ പൂർത്തിയായില്ല. ഞാലിക്കണ്ടം, കവിയൂർ, എൻ.എസ്.എസ് സ്‌കൂൾ എന്നിവിടങ്ങളിൽ ഓടയുടെ പണികൾ ബാക്കിയാണ്. ഇവിടെ ചിലയിടങ്ങളിൽ തകരഷീറ്റു കൊണ്ടാണ് ഓടകൾ മൂടിയിരിക്കുന്നത്. റോഡിന്റെ വശങ്ങൾ പലയിടത്തും കാടുകയറി. കിഫ്ബിയുടെ ഫണ്ടുപ്രകാരം പൊതുമരാമത്താണ് ആദ്യം പണികൾ നടത്തിയത്. ഇവരുടെ കൈയിൽനിന്ന് കിഫ്ബി ഏറ്റെടുത്ത് നടത്താൻ തുടങ്ങിയിട്ട് ഒരുവർഷത്തോളമായി. എന്നിട്ടും ഈ പാതയുടെ ശനിദശ മാറിയില്ല. ഒടുവിൽ പണികൾ നീണ്ടുപോയതോടെ കരാറുകാരനെ മാറ്റി. ശേഷിക്കുന്ന പണികൾക്ക് പുതിയ ടെൻഡർ ക്ഷണിച്ചിട്ടും നടപടികൾ ഇഴയുകയാണ്.

പദ്ധതി ചെലവ് : 36 കോടി,

കവിയൂർ, പായിപ്പാട്, തൃക്കൊടിത്താനം, കുന്നന്താനം പഞ്ചായത്തുകളിലും ചങ്ങനാശ്ശേരി നഗരസഭയിലും കൂടി കടന്നുപോകുന്ന പാത.

ചങ്ങനശ്ശേരിയിൽനിന്ന് കവിയൂർ, തോട്ടഭാഗംവഴി ടി.കെ റോഡിലെത്തി

പത്തനംതിട്ട ഭാഗത്തേക്കുള്ള എളുപ്പമാർഗം.

ഭൂമി നൽകാതെ ചങ്ങനാശേരിക്കാർ
തോട്ടഭാഗം മുതൽ പായിപ്പാട് വരെയുള്ള ഭാഗങ്ങളിൽ വീതികൂട്ടൽ ഏറെക്കുറെ പൂർത്തിയായി. എന്നാൽ ബാക്കിയുള്ള ഭാഗങ്ങളിൽ സ്ഥലം ഏറ്റെടുക്കൽ മുടങ്ങിയ നിലയിലാണ്. നാലുകോടി, ഫാത്തിമാപുരം എന്നീ പ്രദേശങ്ങളിൽ വീതിയെടുക്കാൻ കഴിഞ്ഞിട്ടില്ല. പായിപ്പാട് മുതൽ പെരുന്നവരെ സ്ഥലമെടുപ്പ് ഭാഗികമായേ പൂർത്തിയായുള്ളൂ. ഭൂവുടമകളിൽ പലരും സ്ഥലം വിട്ടുകൊടുക്കാൻ തയ്യാറാകാത്തതാണ് പ്രശ്‌നം. ഇവിടങ്ങളിൽ അളന്നുതിട്ടപ്പെടുത്തിയ പുറമ്പോക്ക് ഏറ്റെടുക്കുന്ന നടപടികളും ഇഴയുകയാണ്.

അവശേഷിക്കുന്ന പണികൾക്ക് പുതിയ എസ്റ്റിമേറ്റ് തയ്യാറാക്കി വീണ്ടും കരാർ നൽകിയെങ്കിലും ആരും ഏറ്റെടുത്തിട്ടില്ല. നിർമ്മാണത്തിലെ തടസങ്ങൾ നീക്കാനായി ഫയൽ റോഡ്‌സ് ഫണ്ട് ബോർഡ് പ്രോജക്ട് ഡയറക്ടർക്ക് സമർപ്പിച്ചിരിക്കുകയാണ്.
കെ.ആർ.എഫ്.ബി അധികൃതർ