തിരുവല്ല: തിരുവല്ല റെയിൽവേ സ്റ്റേഷനിൽ നിന്ന് മോഷ്ടിച്ച സ്‌കൂട്ടറിൽ വിചാരണയ്ക്ക് കോടതിയിലെത്തിയ കൊലക്കേസ് പ്രതിയും സുഹൃത്തും പൊലീസിന്റെ പിടിയിലായി. സഹോദരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി മലയംകീഴ് പള്ളിച്ചൽ പെരുഞ്ഞാഴി ഫയർഫോഴ്‌സ് ക്യാമ്പിന് സമീപം മേലേവീട്ടിൽ ദീപു (39), സുഹൃത്ത് തിരുവനന്തപുരം പൗഡിക്കോണം വട്ടവിള ആലുവിള പുത്തൻവീട്ടിൽ ജയരാജ് (43) എന്നിവരാണ് പിടിയിലായത്. ഇന്നലെ ഉച്ചയോടെ പത്തനംതിട്ട കോടതിയിലെ കേസിന്റെ വിചാരണയ്ക്ക് എത്തിയതാണ് ഇരുവരും. വാഹന പരിശോധനയ്ക്കിടെയാണ് സംശയം തോന്നിയതിനെത്തുടർന്ന് മോഷ്ടിച്ച സ്‌കൂട്ടർ ഇവരിൽ നിന്ന് കസ്റ്റഡിയിലെടുത്തത്. ഈമാസം 16ന് തിരുവല്ല റെയിൽവേ സ്റ്റേഷനിൽ പാർക്ക് ചെയ്തിരുന്ന സ്‌കൂട്ടർ മോഷണം പോയിരുന്നു. യുവതിയുടെ പരാതിയിൽ പൊലീസ് അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ഇവർ പിടിയിലായതെന്ന് സി.ഐ വി.കെ.സുനിൽ കൃഷ്‌ണൻ പറഞ്ഞു. തൃക്കുന്നപ്പുഴയിൽ നിന്ന് മോഷ്ടിച്ച ബൈക്കിൽ കറങ്ങിനടക്കവേ ദീപു മുമ്പും പൊലീസിന്റെ പിടിയിലായിട്ടുണ്ട്. പ്രതികളെ കോടതിയിൽ ഹാജരാക്കി.