
പത്തനംതിട്ട : എസ്.എഫ്.ഐക്കാർ ആക്രമിച്ചെന്ന പരാതി പൊലീസ് വളച്ചൊടിച്ചതോടെ പ്രതിക്കൂട്ടിലായ വിദ്യാർത്ഥിനി നീതിതേടി ഹൈക്കോടതിയിലേക്ക് പോകാനൊരുങ്ങുന്നു. കടമ്മനിട്ട സ്വകാര്യ ലാ കോളേജിലെ വിദ്യാർത്ഥിനിയുടെ പരാതിയിൽ പ്രതികൾക്കെതിരെ കേസെടുക്കുന്നതിനുപകരം ഇരയ്ക്കെതിരെ തുടർച്ചയായി കേസെടുത്ത് അപഹസിക്കുകയായിരുന്നു ആറൻമുള പൊലീസ്. നടപടി വിവാദമായതോടെ അന്വേഷണച്ചുമതലയിൽ നിന്ന് കഴിഞ്ഞ ദിവസം ആറന്മുള എസ്.എച്ച്.ഒ മനോജിനെ മാറ്റിയിരുന്നു. പത്തനംതിട്ട ഡിവൈ.എസ്.പി എസ്. നന്ദകുമാറിനാണ് പകരം ചുമതല നൽകിയത്.
അപകടത്തിൽ പരിക്കേറ്റതിനാൽ ഹാജരിലെ കുറവുകാരണം കഴിഞ്ഞ വർഷം ഒരു സെമസ്റ്ററിൽ തനിക്ക് വീണ്ടും പഠിക്കേണ്ടി വന്നിരുന്നെന്ന് വിദ്യാർത്ഥിനി പറഞ്ഞു. ഈ വർഷം മുതൽ പരീക്ഷയ്ക്ക് ഹാജരിലെ കുറവ് പരിഗണിക്കുന്നില്ലെന്നറിഞ്ഞ് നഷ്ടപ്പെട്ട വർഷത്തിന് ഫീസിളവോ മറ്റ് ആനുകൂല്യങ്ങളോ നൽകണമെന്ന് ആവശ്യപ്പെട്ട് കോളേജ് പ്രിൻസിപ്പലിന് അപേക്ഷ നൽകിയിരുന്നു. ഹാജരിൽ കുറവുണ്ടായിട്ടും അടുത്ത സെമസ്റ്ററിലേക്ക് പ്രവേശനം ലഭിച്ച അഞ്ച് എസ്.എഫ്.ഐ വിദ്യാർത്ഥികൾ അവർക്കെതിരെയാണ് പരാതി നൽകിയതെന്ന് ആരോപിച്ച് കോളേജ് വരാന്തയിൽ വച്ച് ഉപദ്രവിക്കുകയായിരുന്നു. മൂക്കിനിടിച്ച് പരിക്കേൽപ്പിച്ചു. സ്വകാര്യ ഭാഗങ്ങളിലടക്കം കടന്നാക്രമിച്ചു. വസ്ത്രങ്ങൾ വലിച്ചുകീറി. കഴുത്തിന് പരിക്കേറ്റു. തുടർന്ന് പത്തനംതിട്ട ജനറൽ ആശുപത്രിയിൽചികിത്സയിലായിരുന്നു. ഒപ്പമുണ്ടായിരുന്ന വിദ്യാർത്ഥിയെയും ഇവർ അക്രമിച്ചു.
പ്രതികളെ രക്ഷിക്കാനുള്ള നീക്കത്തിനെതിരെ കെ.എസ്.യു, യൂത്ത് കോൺഗ്രസ് പ്രവർത്തകർ പൊലീസ് സ്റ്റേഷൻ ഉപരോധിച്ചപ്പോൾ അവരിൽ 10 പേർക്കെതിരെ കേസെടുത്തു. എസ്.എഫ്.ഐ പ്രവർത്തകനെ ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചെന്ന കള്ളപ്പരാതിയിൽ ജാമ്യമില്ലാ വകുപ്പു ചുമത്തി ഇരയ്ക്കെതിരെ കേസെടുത്തിരുന്നു. പരാതിയിൽ പറയുന്ന ദിവസം വിദ്യാർത്ഥിനി കോളേജിൽ പോയിരുന്നില്ല. മറ്റൊരു വിദ്യാർത്ഥിനിയെ ആക്രമിച്ചെന്ന പരാതിയിലാണ് രണ്ടാമത്തെ കേസ്. തുടർന്ന് ആറൻമുള പൊലീസിൽ വിശ്വാസമില്ലെന്ന് കാട്ടി ഡി.ജി.പി, മുഖ്യമന്ത്രി, ആരോഗ്യമന്ത്രി, വനിത കമ്മിഷൻ എന്നിവർക്ക് പരാതി നൽകിയിരുന്നു.