sannidhan
f

ശബരിമല: ശരണമന്ത്രങ്ങൾ മുഴങ്ങിയ പൂങ്കാവനത്തിൽ ശബരീശ വിഗ്രഹത്തിൽ തങ്ക അങ്കി ചാർത്തി നടന്ന മണ്ഡല പൂജയോടെ മണ്ഡലകാല തീർത്ഥാടനത്തിന് പരിസമാപ്തി. ഇന്നലെ രാവിലെ 10നും 11.30നും മദ്ധ്യേ മീനം രാശി ശുഭ മുഹൂർത്തത്തിലായിരുന്നു മണ്ഡലപൂജ.

തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെയും മേൽശാന്തി പി.എൻ. മഹേഷ് നമ്പൂതിരിയുടെയും കാർമ്മികത്വത്തിൽ പഞ്ചപുണ്യാഹം നടത്തി ദേവഗണങ്ങളെയും മലദേവതകളെയും പാണി കൊട്ടി ഉണർത്തി. തുടർന്ന് ഇരുപത്തിയഞ്ച് കലശവും കളഭാഭിഷേകവും നടത്തി. ശ്രീകോവിലിലും ഉപദേവതകൾക്കും നിവേദ്യം സമർപ്പിച്ച ശേഷം ഭൂതഗണങ്ങൾക്ക് ഹവിസ് തൂകി. കലശപൂജയ്ക്കും കളഭാഭിഷേകത്തിനും ശേഷം നട അടച്ച് മണ്ഡലപൂജ ആരംഭിച്ചു. തുടർന്ന് നട തുറന്ന് ഭക്തർക്ക് ദർശനം നൽകി. വൈകിട്ട് ദീപാരാധനയ്ക്കുശേഷം വിഗ്രഹത്തിൽ നിന്ന് തങ്ക അങ്കി മാറ്റി. അത്താഴപൂജയ്ക്കുശേഷം അയ്യപ്പനെ ഭസ്‌മവിഭൂഷിതനാക്കി യോഗദണ്ഡും രുദ്രാക്ഷമാലയും അണിയിച്ച് യോഗനിദ്ര‌യിലാക്കി നട അടച്ചു.

നാഗാലാൻഡ് ഗവർണർ എൽ. ഗണേശ്, ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണൻ, അഡ്വ. കെ.യു.ജനീഷ് കുമാർ എം.എൽ.എ, തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത്, ബോർഡ് അംഗങ്ങളായ അഡ്വ. എ. അജികുമാർ, ജി. സുന്ദരേശൻ, എ.ഡി.ജി.പി എം.ആർ. അജിത് കുമാർ, ദേവസ്വം സ്‌പെഷ്യൽ സെക്രട്ടറി എം.ജി. രാജമാണിക്യം, എ.ഡി.എം സൂരജ് ഷാജി, ദേവസ്വം കമ്മിഷണർ സി.എൻ. രാമൻ, സന്നിധാനം സ്‌പെഷ്യൽ ഓഫീസർ കെ.എസ്. സുദർശൻ എന്നിവർ പങ്കെടുത്തു.


മകരവിളക്ക് 15ന്

മകരവിളക്ക് മഹോത്സവത്തിന് 30ന് വൈകിട്ട് 5ന് നട തുറക്കും. ജനുവരി 15നാണ് മകരവിളക്ക്. തിരുവാഭരണം ചാർത്തിയുള്ള ദീപാരാധനയ്ക്ക് ശേഷം പൊന്നമ്പലമേട്ടിൽ മകരവിളക്കും ആകാശത്ത് മകരസംക്രമ നക്ഷത്രവും തെളിയും. 21ന് നട അടയ്ക്കും. 15 മുതൽ 18 വരെ മാളികപ്പുറത്തെ മണിമണ്ഡപത്തിൽ നിന്ന് പതിനെട്ടാം പടിയിലേക്കും 19ന് ശരംകുത്തിയിലേക്കും ധർമ്മശാസ്താവിന്റെ എഴുന്നള്ളത്ത് നടക്കും. 20ന് രാത്രി മാളികപ്പുറത്ത് വലിയഗുരുതി. 21ന് രാവിലെ 6.30ന് രാജപ്രതിനിധിയുടെ ദർശനം കഴിഞ്ഞ് ആചാരപരമയായ ചടങ്ങുകൾ പൂർത്തിയാക്കി നട അടയ്ക്കും