vettila

പന്തളം : വിലയിടിവിൽ നട്ടംതിരിയുകയാണ് ജില്ലയിലെ വെറ്റില കർഷകർ. ഒരുകെട്ട് വെറ്റിലയ്ക്ക് 100 രൂപയിൽ താഴെയാണ് പലപ്പോഴും കർഷകർക്ക് ലഭിക്കുന്നത്. ഭാരിച്ച കൃഷിച്ചെലവും പ്രതികൂല കാലാവസ്ഥയും കാരണം കൃഷി നടത്താൻ പറ്റാത്ത അവസ്ഥയിലാണ് കർഷകർ. വില കുറവാണെങ്കിലും ആഴ്ചയിൽ ഒരു ദിവസം വെറ്റില അടർത്തിയെടുക്കണം. വിളവെടുക്കാതിരുന്നാൽ പുതിയ കണ്ണി പൊട്ടാതെ കൃഷി നശിക്കാൻ കാരണമാകും. മതിയായ വില ലഭിക്കാത്തതിനാൽ വിളവെടുത്താൽ കർഷകർക്ക് നഷ്ടമുണ്ടാകും. ജില്ലയിൽ വർഷത്തിൽ രണ്ടുതവണയാണ് വെറ്റില കൃഷി ചെയ്യുന്നത്. ഇടവത്തിലും തുലാമാസത്തിലും.

നൂറ്റമ്പത് രൂപയ്ക്ക് മുകളിൽ വില ലഭിക്കുകയും ഒരുതവണ തലക്കം അറുക്കാനും രണ്ടു വർഷം കേടുകൂടാതെ ആദായമെടുക്കാൻ കഴിഞ്ഞാലും മാത്രമേ നഷ്ടമില്ലാതെ കർഷകന് പിടിച്ചു നിൽക്കാൻ കഴിയൂ. കഴിഞ്ഞ കുറെ നാളുകളായി 20 മുതൽ 80 രൂപവരെയാണ് കർഷകർക്ക് വില ലഭിച്ചിരുന്നത്.

വിവിധ ഉപയോഗം

മുറുക്കാന് പുറമെ വിവിധ ചടങ്ങുകൾക്ക് ഒഴിവാക്കാൻ കഴിയാത്തതാണ് വെറ്റില. വിവാഹം, ആദ്യക്ഷരം കുറിക്കൽ തുടങ്ങിയ ചടങ്ങുകൾക്ക് ദക്ഷിണ സമർപ്പിക്കുന്നതിനും ക്ഷേത്രങ്ങളിൽ മാലയ്ക്കും ജ്യോതിഷ കാര്യങ്ങൾക്കുമെല്ലാം വെറ്റില അനിവാര്യമാണ്. ഹൈന്ദവ ആചാരപ്രകാരം ലക്ഷ്മീദേവിയുടെ സ്ഥാനമാണ് വെറ്റിലയ്ക്കുള്ളത്. വെറ്റില നീരിന് ഔഷധ ഗുണമുള്ളതിനാൽ ആയുർവേദ മരുന്നുകളിലും ഉപയോഗിക്കുന്നു.

നാല് അടുക്ക് ഒരുകെട്ട്

ഒരടുക്കിൽ ഇരുപത് വെറ്റില വീതമാണ് വയ്ക്കുന്നത്, നാല് അടുക്ക് ആണ് ഒരു കെട്ട്. ചന്ത ദിവസങ്ങൾക്ക് തലേന്ന് വെറ്റില നുള്ളിഅടുക്കി കെട്ടി പുലർച്ചെ കമ്പോളങ്ങളിലെത്തിക്കണം. ഇരുന്നൂറ് മൂടിന് പരമാവധി 50 കെട്ട് വെറ്റിലയെ ലഭിക്കുകയുള്ളു. നട്ടു നാലുമാസം കഴിയുമ്പോൾ വെറ്റില എടുത്തു തുടങ്ങാനാകും.

നൂറ് വെറ്റില തലക്കത്തിന് 2500 മുതൽ 3000 രൂപ വരെയാണ് വില.

വാരം കോരൽ, പാത്തിയെടുപ്പ്, നടിൽ, വെച്ചുകെട്ട്, വളം, താങ്ങാകുന്ന ഇൗറ്റയുടെ വില എന്നിവ കണക്കാക്കുമ്പേൾ 200 മൂടുള്ള ഒരു കളം കൊടിക്ക് സ്വന്തം അദ്ധ്വാനത്തിന് പുറമെ ഇരുപതിനായിരം രൂപ ചെലവാകും. ചെലവ് കാശ് തിരികെ കിട്ടാത്ത സാഹചര്യമാണുള്ളത്.

കുരമ്പാല പാലപ്പള്ളി തെക്കേതിൽ ആർ.രാജൻ ,

തൈക്കിഴക്കേതുണ്ടിൽ യോഹന്നാൻ.എം (വെറ്റില കർഷകർ)