
ശബരിമല: ദർശനം കിട്ടാതെ യഥാർത്ഥ ഭക്തൻ മടങ്ങില്ലെന്ന് ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണൻ പറഞ്ഞു. സന്നിധാനത്ത് ചേർന്ന ശബരിമല അവലോകനയോഗത്തിന് ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.
ഭക്തിയുടെ പേരിൽ വ്യാജ പ്രചാരണം നടത്തുന്നവർ സ്വയം പിൻമാറണം. ശബരിമല ദർശനം സംബന്ധിച്ച് ആക്ഷേപമുണ്ടാകുന്നത് ചില പ്രത്യേക കേന്ദ്രങ്ങളിൽ നിന്ന് മാത്രമാണ്. പ്രശ്‌നം പരിഹരിച്ച ശേഷവും ചിലർ ബോധപൂർവം പ്രശ്‌നമുണ്ടാക്കാൻ ശ്രമിക്കുകയാണ്. തിരക്ക് എങ്ങനെ നിയന്ത്രിച്ചാലും കയറേണ്ടത് പതിനെട്ടാം പടിയിലൂടെയാണ്. ശബരിമലയിൽ വനഭൂമി വിട്ടുകിട്ടുന്നതിനും കൂടുതൽ സൗകര്യമൊരുക്കുന്നതിനും പരിമിതികളുണ്ട്. മികച്ച സൗകര്യങ്ങളൊരുക്കാൻ സാദ്ധ്യമായ എല്ലാ ഇടപെടലുകളും സർക്കാർ നടത്തുന്നുണ്ട്. വരുമാനം കൂടുന്നതിലും കുറയുന്നതിലും സർക്കാരിന് വേവലാതിയില്ല. വരുമാനത്തെ ആശ്രയിച്ചല്ല ശബരിമലയിൽ സർക്കാരിന്റെ പ്രവർത്തനം.
മകരവിളക്ക് മഹോത്സവത്തിനായി 30ന് നട തുറക്കുമ്പോൾ തിരക്ക് നിയന്ത്രിക്കാൻ പുതിയ സംവിധാനങ്ങൾ ഒരുക്കും. ശബരിപീഠം മുതൽ സന്നിധാനം വരെ 36 കേന്ദ്രങ്ങളിൽ സിവിൽ ഡിഫൻസ് വോളന്റിയർമാരുടെ സേവനം ലഭ്യമാക്കും. ക്യൂ കോംപ്ലക്‌സിൽ ആവശ്യമുള്ളവർ മാത്രം കയറിയാൽ മതിയാകും. ദീർഘദൂര കെ.എസ്.ആർ.ടി.സി ബസുകൾ നിലയ്ക്കലിൽ കയറാതെ നേരേ പോകുന്നതിനുള്ള സൗകര്യമൊരുക്കുമെന്ന് മന്ത്രി പറഞ്ഞു.