ശബരിമല: മണ്ഡല തീർത്ഥാടന കാലത്തിന്റെ സമാപന ദിനമായ ഇന്നലെ വൈകിട്ട് 4ന് സന്നിധാനത്ത് ഭക്തരുടെ തിരക്കൊഴിഞ്ഞു. വൈകിട്ട് 3ന് നടതുറന്നപ്പോൾ തീർത്ഥാടകരുടെ നീണ്ട നിര നടപ്പന്തലും പിന്നിട്ട് ജ്യോതിർ നഗർവരെ നീണ്ടിരുന്നു. എന്നാൽ ഒരു മണിക്കൂറിനുശേഷം ഈ തിരക്ക് നടപ്പന്തിലിലെ രണ്ട് നിരകളിലേക്ക് ചുരുങ്ങി. സന്ധ്യയോടെ മലകയറിയെത്തുന്ന തീർത്ഥാടകരുടെ എണ്ണം ഗണ്യമായി കുറഞ്ഞു. രാത്രി 7ന് ശേഷം തീർത്ഥാടകരെ പമ്പയിൽ നിന്നും സന്നിധാനത്തേക്ക് കടത്തിവിട്ടില്ല. ഇന്നലെ പുലർച്ചെയും, മണ്ഡല പൂജാവേളയിലും സന്നിധാനവും പമ്പയും അടക്കം തീർത്ഥാടകരെ കൊണ്ട് നിറഞ്ഞിരുന്നു. കഴിഞ്ഞ 17 മുതൽ ഇന്നലെ പുലർച്ചെ വരെ സന്നിധാനത്ത് തിരക്ക് നിയന്ത്രണാതീതമായിരുന്നു. കുട്ടികളും പ്രായമായവരുമായി എത്തിയ ആയിരക്കണക്കിനാളുകൾ 18 മണിക്കൂറിലധികം കാത്തുനിന്നശേഷവും ദർശനം കിട്ടാത്തതിനെ തുടർന്ന് മടങ്ങുകയും ചെയ്തിരുന്നു. തിരക്ക് നിയന്ത്രണാതീതമായതിനെ തുടർന്ന് നീലിമല, അപ്പാച്ചിമേട് എന്നിവിടങ്ങളിലെ കുത്തുകയറ്റത്തുപോലും തീർത്ഥാടകരെ തടഞ്ഞു നിർത്തുന്ന സംഭവങ്ങളുമുണ്ടായി. ദർശനം കിട്ടാതെ തീർത്ഥാടകർ കഴിഞ്ഞ 26നും പന്തളം വലിയകോയിക്കൽ, എരുമേലി, അച്ചൻകോവിൽ എന്നിവിടങ്ങളിലെത്തി കെട്ടഴിച്ച് നെയ്‌ത്തേങ്ങ ക്ഷേത്രങ്ങളിൽ സമർപ്പിച്ച് വീടുകളിലേക്ക് മടങ്ങിയ സംഭവും ഉണ്ടായി. മണ്ഡല കാലത്തെ പോരായ്മകൾ പരിഹരിച്ച് മകരവിളക്ക് ഉത്സവകാലത്ത് തീർത്ഥാടകർക്ക് മതിയായ സൗകര്യമൊരുക്കുമെന്ന് ദേവസ്വം മന്ത്രിയും ദേവസ്വം പ്രസിഡന്റും വ്യക്തമാക്കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി വെർച്വൽക്യൂ ബുക്കിംഗ് 80000ആയി കുറയ്ക്കുകയും ചെയ്തിട്ടുണ്ട്. ക്യൂവിൽ നിൽക്കുന്ന തീർത്ഥാടകർക്ക് കുടിവെള്ളവും മറ്റ് അവശ്യ സർവ്വീസുകളും നൽകുന്നതിന് കൂടുതൽ വോളന്റിയർമാരേയും നിയോഗിച്ചിട്ടുണ്ട്.