പത്തനംതിട്ട : നഗരസഭാ ബസ് സ്റ്റാൻഡ് യാർഡിന്റെ നിർമ്മാണോദ്ഘാടനം ഇന്ന് നഗരസഭാ ചെയർമാൻ അഡ്വ ടി സക്കീർ ഹുസൈൻ നിർഹിക്കും. രണ്ട് ഘട്ടമായാണ് യാർഡിന്റെ നിർമ്മാണം. യാർഡിന്റെ 70 ശതമാനം നിർമ്മാണവും ഒന്നാം ഘട്ടത്തിൽ പൂർത്തീകരിക്കും. 3.70 കോടി രൂപയാണ് ഒന്നാം ഘട്ടത്തിൽ ചെലവഴിക്കുന്നത്. ബസ് സ്റ്റാൻഡിന്റെ പ്രവർത്തനങ്ങൾ തടസ്സപ്പെടാതിരിക്കുന്നതിനാണ് രണ്ടു ഘട്ടമായി യാർഡ് നിർമ്മാണം നടത്തുന്നത്. തുടർന്ന് കെട്ടിടത്തിന്റെ രണ്ടും മൂന്നും നിലകൾ നിർമ്മിക്കാനാണ് നഗരസഭ ഉദ്ദേശിക്കുന്നത്. മൂന്നാം നിലയിൽ ഓഫീസ് സ്‌പേസും നാലാം നിലയിൽ ഓഡിറ്റോറിയവും കോൺഫറൻസ് ഹാളും നിർമ്മിക്കാനാണ് പദ്ധതി.
യാർഡിൽ മുൻപുണ്ടായിരുന്ന ടാറിങ്ങും വെള്ളക്കെട്ടും പഠനവിധേയമാക്കിയ തിരുവനന്തപുരം എൻജിനീയറിങ് കോളേജിലെ വിദഗ്ദ്ധസംഘം ചീഫ് എൻജിനീയറുടെ നിർദ്ദേശങ്ങൾ കൂടി പരിഗണിച്ച് തയ്യാറാക്കിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നഗരസഭ തയ്യാറാക്കിയ പദ്ധതിയനുസരിച്ചാണ് ഇപ്പോൾ പ്രവർത്തനങ്ങൾ നടക്കുന്നത്. നിലവിലുള്ള യാർഡിൽ നിന്ന് 1.10 മീറ്റർ ആഴത്തിൽ മണ്ണ് നീക്കം ചെയ്ത് ഇന്ത്യൻ സ്റ്റാൻഡേർഡ് സ്‌പെസിഫിക്കേഷൻ അനുസരിച്ച് ജിഎസ് പി, വെറ്റ് മിക്‌സ് എന്നിവ നിറച്ച് അതിനു മുകളിൽ ഇന്റർലോക്ക് പാകി നവീകരിക്കും.
നിലവിലെ വെയിറ്റിംഗ് സ്‌പേസുകളിൽ ആകർഷകമായ വാണിജ്യ കിയോസ്‌ക്കുകൾ നിർമ്മിച്ച് ഉപയോഗിക്കും. ബസ് സ്റ്റാൻഡ് പരിസരം മനോഹരമാക്കാൻ ലാൻഡ് സ്‌കേപ്പിംഗും നൂറിലധികം വാഹനങ്ങൾക്ക് പാർക്ക് ചെയ്യാൻ വിശാലമായ പാർക്കിംഗും ഉൾപ്പെടെയാണ് പുതിയ രൂപകൽപ്പന എന്നും നഗരസഭ ചെയർമാൻ പറഞ്ഞു.