
പത്തനംതിട്ട : ശബരിമല തീർത്ഥാടന ക്രമീകരണങ്ങൾക്കായി ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങൾക്ക് സർക്കാർ നൽകുന്ന ഫണ്ട് ഇത്തവണ ഇതുവരെയും ലഭിച്ചില്ല.
തീർത്ഥാടനവുമായി നേരിട്ട് ബന്ധമുള്ള നഗരസഭകൾക്കും, ഗ്രാമപഞ്ചായത്തുകൾക്കുമാണ് ഫണ്ട് നൽകുന്നത്. ശബരിമല ഉൾപ്പെടുന്ന പെരുനാട് ഗ്രാമപഞ്ചായത്തിനും ഇടത്താവളമെന്ന നിലയിൽ വടശേരിക്കര പഞ്ചായത്തിനും പന്തളം നഗരസഭയ്ക്കുമാണ് ആദ്യമൊക്കെ പ്രത്യേക ഫണ്ട് നൽകിയിരുന്നത്. ഇത് പിന്നീട് തീർത്ഥാടന ക്രമീകരണങ്ങൾ ഒരുക്കുന്ന എല്ലാ തദേശസ്ഥാപനങ്ങൾക്കും നൽകിയിരുന്നു. 2011 - 15 കാലയളവിലാണ് കൂടുതൽ തദ്ദേശസ്ഥാപനങ്ങൾക്ക് സർക്കാർ വിഹിതം നൽകിവന്നത്. 25 ലക്ഷം മുതൽ മൂന്നു ലക്ഷം രൂപവരെയാണ് നൽകിയത്. പ്രത്യേക ഉത്തരവിലൂടെ അനുവദിച്ചിരുന്ന പണം സാമ്പത്തികവർഷം തന്നെ തദ്ദേശസ്ഥാപനങ്ങൾക്ക് ലഭിച്ചിരുന്നു.
പെരുനാട്, വടശേരിക്കര ഗ്രാമപഞ്ചായത്തുകൾക്ക് നേരത്തെ 25 ലക്ഷം രൂപവരെ വിഹിതമായി നൽകിയിരുന്നു. ഇത്തവണ ഫണ്ട് ലഭിച്ചിട്ടില്ല. രണ്ട് പഞ്ചായത്തുകൾക്കും പദ്ധതി വിഹിതത്തിലും മുൻകാലങ്ങളിലെ ഫണ്ടിന്റെ ബാക്കിതുകയും ഉള്ളതിനാലാണ് ഇത്തവണ പ്രവർത്തനങ്ങൾ നടത്താനായത്. ഇടത്താവളം ഒരുക്കിയ പത്തനംതിട്ട നഗരസഭയ്ക്കും ഇക്കുറി ഫണ്ട് ലഭ്യമായിട്ടില്ല. തനതു ഫണ്ടിൽ നിന്നാണ് തദ്ദേശസ്ഥാപനങ്ങൾ തുക ചെലവഴിച്ചിരിക്കുന്നത്. തനതു ഫണ്ട് കുറവായ തദ്ദേശസ്ഥാപനങ്ങൾ പ്രതിസന്ധിയിലുമായി.
തീർത്ഥാടക സൗകര്യം ഏറെ ഒരുക്കുന്ന പന്തളം നഗരസഭയ്ക്കും കുളനട ഗ്രാമപഞ്ചായത്തിനും ഫണ്ടില്ല. കോന്നി, ചെറുകോൽ, ഓമല്ലൂർ, മെഴുവേലി, റാന്നി, പഴവങ്ങാടി ഗ്രാമപഞ്ചായത്തുകൾക്കും മുമ്പ് ഫണ്ട് ലഭിച്ചിരുന്നു.
ചെലവേറെ, പ്രതിസന്ധി മാത്രം
ശബരിമല തീർത്ഥാടനകാലത്ത് തദ്ദേശസ്ഥാപനങ്ങൾക്ക് ചെലവേറെയാണ്. കടവുകളുടെ സംരക്ഷണം, ഇടത്താവള ക്രമീകരണം, തെരുവുവിളക്ക് എന്നിവയ്ക്കായി ഫണ്ട് ചെലവഴിക്കണം. തങ്കഅങ്കി, തിരുവാഭരണ ഘോഷയാത്ര എന്നിവ കടന്നുപോകുന്ന തദ്ദേശസ്ഥാപനങ്ങൾക്ക് ചെലവേറും. അടിസ്ഥാന സൗകര്യ ക്രമീകരണത്തിനും തുക കണ്ടെത്തണം. തങ്കഅങ്കി ഘോഷയാത്രയുമായി ബന്ധപ്പെട്ട് പൊതുമരാമത്ത് റോഡുകളിൽ ഇത്തവണ അറ്റകുറ്റപ്പണികൾ നടന്നില്ല. റോഡരികിലെ കാടു തെളിക്കുന്നതടക്കമുള്ള ജോലികൾ പഞ്ചായത്തുകളെ ഏല്പിക്കുകയാണ്.
മുൻ വർഷങ്ങളിൽ നൽകിയിരുന്ന ഫണ്ട് :
25 ലക്ഷം മുതൽ മൂന്നു ലക്ഷം വരെ