news-

റാന്നി : അത്തിക്കയത്ത് എഴ് കടകളിൽ മോഷണം നടന്നിട്ട് ഒരു മാസം പിന്നിട്ടിട്ടും പ്രതികളെ പിടികൂടാനാവാതെ പൊലീസ്. നവംബർ 21ന് രാത്രിയിലാണ് അത്തിക്കയം ടൗണിലെ വ്യാപാര സ്ഥാപനങ്ങളിൽ മോഷണം നടന്നത്. അത്തിക്കയം, ഷാപ്പുപടി, കണ്ണംപള്ളി, പഞ്ചാരമുക്ക് ട്രാൻസ്ഫോർമറുകളുടെ പതിനൊന്ന് കെ.വി എ.ബി സ്വിച്ച് ഓഫ് ചെയ്തത്തിനുശേഷമായിരുന്നു മോഷണം. രാത്രി 1.30 നും 2.30 നും മദ്ധ്യേ മുഖം മൂടിക്കെട്ടിയ ഒരാൾ നടന്നുനീങ്ങുന്നത് സി.സി ടിവി ദൃശ്യങ്ങളിൽ കണ്ടെത്തിയിരുന്നു. പ്രതിയിലേക്കുള്ള തെളിവുകൾ ലഭിക്കാതായതോടെ പൊലീസും കുഴഞ്ഞു. കാലായിൽ ചിക്കൻ സ്റ്റോറിൽ പുലർച്ചെ മൂന്നോടെ കോഴിയുമായി വാഹനം എത്തിയപ്പോൾ ജീവനക്കാരൻ പ്രകാശ് കട തുറക്കാൻ ശ്രമിക്കുമ്പോഴാണ് പൂട്ട് പൊളിച്ചനിലയിൽ കണ്ടത്. തുടർന്ന് കട ഉടമയെ വിവരം അറിയിച്ചു. 8500 രൂപയോളം ഇവിടെ നിന്ന് നഷ്ടമായി. പെരുനാട് പൊലീസെത്തി നടത്തിയ പരിശോധനയിലാണ് മറ്റു കടകളിലെ പൂട്ട് പൊളിച്ചത് കണ്ടെത്തിയത്. കീപ്പനാലിൽ ഫ്ലവർ മില്ലിൽ നിന്ന് നാനൂറ് രൂപയും രവീന്ദ്ര കളർ വേൾഡിൽ നിന്ന് ആയിരം രൂപയും നഷ്ടപ്പെട്ടു, സെന്റ് മേരീസ് ഷൂ മാർട്ടിന്റെ പൂട്ട് പൊളിച്ച് അകത്തുകടന്നെങ്കിലും പണം നഷ്ടപ്പെട്ടില്ല. ഐശ്വര്യ ടെക്സ്റ്റൈൽസ്, പാറക്കനാലിൽ, നിധിൻ സ്റ്റോർ കണ്ണമ്പള്ളി എന്നിവയുടെ പൂട്ട് തകർത്ത് അകത്തു കയറാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. സമാനമായ മോഷണം മുക്കട, പാമ്പാടി, കോട്ടയം മേഖലകളിൽ നടന്നുവെങ്കിലും പ്രതികളെ പിടികൂടിയിട്ടില്ല.