padi
ശബരിമല സന്നിധാനത്ത് ശുചീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി ജീവനക്കാർ പതിനെട്ടാം പടി കഴുകി വൃത്തിയാക്കുന്നു

ശബരിമല : മകരവിളക്ക് മഹോത്സവത്തിന്റെ മുന്നൊരുക്കങ്ങളുടെ ഭാഗമായി ശബരിമലയിൽ ശുചീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചു. പമ്പ മുതൽ സന്നിധാനം വരെയുള്ള ഭാഗങ്ങളാണ് ശുചീകരിക്കുന്നത്. 1500ൽ അധികം ജീവനക്കാരാണ് പ്രവർത്തനങ്ങളിൽ പങ്കാളികളാവുന്നത്. ഇവർ ശേഖരിക്കുന്ന ജൈവ - അജൈവ മാലിന്യങ്ങൾ പ്രത്യേകം വേർതിരിച്ച് ട്രാക്ടറിൽ നീക്കംചെയ്തു. സന്നിധാനം, പതിനെട്ടാം പടി, മാളികപ്പുറം, വാവര് നട, മഹാകാണിക്ക, അരവണ കൗണ്ടർ പരിസരം, നടപ്പന്തൽ, ക്യൂ കോംപ്ലക്‌സ് എന്നിവിടങ്ങൾ കഴുകി വൃത്തിയാക്കി. മരാമത്ത് വകുപ്പും അഗ്‌നിരക്ഷാസേനയും ശബരിമല വിശുദ്ധി സേനയും സംയുക്തമായാണ് ശുചീകരണം നടത്തിയത്.

ആഴിയിലെ കരി നീക്കം ചെയ്തു

വ്രതാനുഷ്ഠനത്തിന്റെ നാളുകളിൽ സന്നിധാനത്തിന് അഗ്നി ശോഭ പകരുന്ന താഴെ തിരുമുറ്റത്തെ ആഴിയിലെ അഗ്നികെടുത്തി കരിവാരി വൃത്തിയാക്കി. ഭക്തർ ഇരുമുടിക്കെട്ടിൽ കൊണ്ടുവരുന്ന തെയ്‌ത്തേങ്ങയുടെ ഒരു ഭാഗം ആചാരത്തിന്റെ ഭാഗമായി അഗ്നിയിലേക്ക് അർപ്പിക്കാറുണ്ട്. ഇത്തരത്തിൽ ലക്ഷക്കണക്കിന് നാളികേരമാണ് തീർത്ഥാടനകാലത്ത് അഗ്നികുണ്ഡത്തിലേക്ക് ഭക്തർ നിക്ഷേപിക്കുന്നത്. ആഴിയിൽ നിന്ന് ടൺ കണക്കിന് കരിയാണ് നീക്കം ചെയ്തത്. ഇനി മകരവിളക്ക് ഉത്സവത്തിനായി നടതുറക്കുന്ന 30ന് വൈകിട്ട് 5ന് വീണ്ടും മേൽശാന്തി പതിനെട്ടാംപടി ഇറങ്ങിവന്ന് ആഴി തെളിയിക്കും. ജനുവരി 15നാണ് മകരവിളക്ക്.