 
പ്രമാടം : സംരക്ഷണ വേലിയില്ലാത്ത ട്രാൻസ്ഫോർമർ അപകട ഭീഷണിയാകുന്നു. കുമ്പഴ വൈദ്യുതി സെക്ഷന്റെ പരിധിയിൽ വരുന്ന വാഴമുട്ടം കുന്നത്ത് നോർത്ത് ജംഗ്ഷനിലെ രണ്ടാം നമ്പർ 100 കെ.വി ട്രാൻസ്ഫോർമറാണ് നാട്ടുകാരുടെ പേടി സ്വപ്നമായിരിക്കുന്നത്. ഒരാൾ പൊക്കത്തിൽ വരെയാണ് സംരക്ഷണ വേലിപോലും ഇല്ലാത്ത ട്രാൻസ്ഫോർമറിന് ചുറ്റും കാട് വളർന്നുനിൽക്കുന്നത്. വള്ളിച്ചെടികൾ പോസ്റ്റുകളിലേക്ക് പടർന്ന നിലയിലാണ്. ഫ്യൂസുകളിലും അടിക്കാടുകൾ മുട്ടിനിൽപ്പുണ്ട്. റോഡിനോട് ചേർന്ന് സ്ഥിതി ചെയ്യുന്ന ഈ ട്രാൻസ്ഫോർമർ മഴ സമയത്ത് വലിയ അപകട ഭീഷണിയാണ് ഉയർത്തുന്നത്. കോന്നി - ചന്ദനപ്പള്ളി
റോഡ് വഴിയെത്തുന്ന യാത്രക്കാർ പൂങ്കാവ് ജംഗ്ഷനിൽ എത്താതെ വാഴമുട്ടം വഞ്ചിപ്പടിയിൽ നിന്ന് പ്രമാടം അമ്പല ജംഗ്ഷൻ വഴി പത്തനംതിട്ടയ്ക്ക് പോകാൻ റോഡുകൂടിയാണിത്.
കാറ്റും മഴയും ശക്തമാകുന്ന സാഹചര്യങ്ങളിൽ ട്രാൻസ്ഫോർമറിൽ മുട്ടി അടിക്കാടുകൾക്ക് തീ പിടിക്കുന്നതും വൈദ്യുതി തരംഗം ഉണ്ടാകുന്നതും പതിവാണെന്ന് പ്രദേശവാസികൾ പറയുന്നു. ഇത് സംബന്ധിച്ച് നിരവധി തവണ കെ.എസ്.ഇ.ബി അധികൃതർക്കും ജനപ്രതിനിധികൾക്കും ഉൾപ്പടെ പരാതികൾ നൽകിയെങ്കിലും യാതൊരുവിധ നടപടിയും ഉണ്ടായിട്ടില്ലെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്.