
പത്തനംതിട്ട : ശബരിമല ദർശനം കഴിഞ്ഞ് മടങ്ങിയ തമിഴ്‌നാട്ടിൽ നിന്നുള്ള തീർത്ഥാടകർ സഞ്ചരിച്ച കാർ കുമ്പഴ പാലത്തിൽ നിന്ന് നിയന്ത്രണം വിട്ട് നദിയിലേക്ക് മറിഞ്ഞു. ബുധൻ രാത്രി 12.30ന് ആണ് അപകടം. പാലത്തിന്റെ കൈവരി ഇല്ലാത്ത ഭാഗത്തുകൂടി കാർ നദിയിലെ മൺതിട്ടയിലേക്ക് വീഴുകയായിരുന്നു. ഡ്രൈവർ ഉറങ്ങിയതാണ് അപകട കാരണം. ശബ്ദംകേട്ട് സമീപവാസികളാണ് അപകട വിവരം അറിയുന്നത്. ഉടൻ പൊലീസിലും ഫയർഫോഴ്‌സിലും വിവരം അറിയിച്ചു. പരിക്കേറ്റവരെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തമിഴ്‌നാട് കല്ലാക്കുറിച്ചി മിഡിൽ സ്ട്രീറ്റ് സ്വദേശികളായ തമിൾ ശെൽവം (41), രോഹിത്ത് (16), നവീൻ (14), പ്രവീൺ (28), രവിശങ്കു (32) എന്നിവർക്കാണ് പരിക്കേറ്റത്. സാരമായ പരിക്കല്ലാത്തതിനാൽ ഇന്നലെ രാവിലെ ഇവർ നാട്ടിലേക്ക് മടങ്ങി.