hump
ജെ.സി.ബിയുടെ സഹായത്തോടെ മല്ലപ്പള്ളി റോഡിലെ ഹമ്പുകളുടെ എണ്ണം കുറയ്ക്കുന്നു

തിരുവല്ല: അപകടങ്ങൾ പെരുകിയതിനെ തുടർന്ന് തിരുവല്ല ബൈപ്പാസ് സംഗമിക്കുന്ന മല്ലപ്പള്ളി റോഡിന്റെ ഇരുവശങ്ങളിലും നിർമ്മിച്ച ഹമ്പുകളുടെ എണ്ണം കുറച്ചു. ചിലങ്ക ജംഗ്‌ഷന്‌ സമീപം ബൈപ്പാസുമായി സംഗമിക്കുന്ന മല്ലപ്പള്ളി റോഡിൽ ഒരുമാസം മുമ്പാണ് നിരയൊപ്പിച്ചു നാല് ഹമ്പുകൾ വീതം നിർമ്മിച്ചത്. വീതികുറഞ്ഞ ചെറിയ ഹമ്പുകൾ കാരണം മല്ലപ്പള്ളി റോഡിൽ ഗതാഗതക്കുരുക്ക് ഉൾപ്പെടെ വാഹന യാത്രക്കാർക്ക് കൂടുതൽ ബുദ്ധിമുട്ടുകളുണ്ടാക്കി. ഇവിടെ സിഗ്നൽ കാത്തുകിടക്കുന്ന വാഹനങ്ങൾ ഹമ്പുകൾ കാരണം ബൈപ്പാസ് കടന്നുപോകാൻ വൈകുന്നു. ഇതുമൂലം മല്ലപ്പള്ളി റോഡിൽ വാഹനങ്ങളുടെ നീണ്ടനിരയുണ്ടായി ഗതാഗതക്കുരുക്കിനും കാരണമായി. മാത്രമല്ല വീതികുറഞ്ഞ ചെറിയ ഹമ്പുകളിൽ ചാടി ഇരുചക്ര വാഹന യാത്രികർക്ക് ഉൾപ്പെടെ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുന്നെന്ന പരാതികളും ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് ഹമ്പുകളുടെ എണ്ണം കുറയ്ക്കാൻ പൊതുമരാമത്ത് അധികൃതർ തീരുമാനിച്ചത്. റോഡിന്റെ ഇരുവശങ്ങളിലും ഉണ്ടായിരുന്ന നാല് ഹമ്പുകൾ രണ്ടാക്കി ചുരുക്കി. റെയിൽവേ സ്റ്റേഷൻ റോഡിലെ ഹമ്പുകളുടെ എണ്ണവും രണ്ടാക്കി കുറച്ചു. ഒന്നരമാസം മുമ്പ് എൻജിനീയറിംഗ് വിദ്യാർത്ഥി ബൈപ്പാസിൽ അപകടത്തിൽപ്പെട്ട് മരിച്ചതിനെ തുടർന്നാണ് അമിതവേഗം നിയന്തിക്കുന്നതിനായി ഹമ്പുകൾ ഇവിടെ സ്ഥാപിച്ചത്. ബൈപ്പാസ് നിർമ്മിച്ചശേഷം ഏറ്റവും കൂടുതൽ അപകടങ്ങൾ ഉണ്ടായതും ഇവിടെയാണ്. ബൈപ്പാസിലെ അശാസ്ത്രീയമായ വളവുകളും അടിക്കടിയുള്ള റോഡുകളുടെ സംഗമവും അമിത വേഗതയുമെല്ലാം അപകടങ്ങൾക്ക് കാരണമായിട്ടുണ്ട്.