muloor

ഇലവുംതിട്ട: അറിവിന്റെ തീർത്ഥാടനമാണ് ശിവഗിരി തീർത്ഥാടനമെന്ന് മന്ത്രി വീണാജോർജ് പറഞ്ഞു. ശിവഗിരി തീർത്ഥാടന സമ്മേളന നഗറിൽ സ്ഥാപിക്കാനുള്ള ഗുരുദേവ വിഗ്രഹവുമായി മൂലൂർ സ്മാരകത്തിൽ നിന്ന് ശിവഗിരിയിലേക്ക് ആരംഭിച്ച രഥ ഘോഷയാത്ര ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
വ്യക്തികളുടെയും സമൂഹത്തിന്റെയും സമഗ്രമായ ശുദ്ധീകരണമാണ് ശ്രീനാരായണ ഗുരുദേവൻ തീർത്ഥാടനത്തിലൂടെ ലക്ഷ്യമിട്ടത്. സമൂഹം ഇന്ന് ശുദ്ധീകരണം അർഹിക്കുന്നുണ്ട്. നവോത്ഥാന കാലഘട്ടത്തിലെ പ്രവർത്തനങ്ങളുടെ തുടർച്ച എക്കാലത്തും ഉണ്ടാകണമെന്നും വീണാജോർജ് പറഞ്ഞു. മുൻ എം.എൽ.എ കെ.സി രാജഗോപാലൻ അദ്ധ്യക്ഷത വഹിച്ചു. ശിവഗിരി മഠം ശ്രീനാരായണ ധർമ്മസംഘം ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ അനുഗ്രഹ പ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്തംഗം ആർ. അജയകുമാർ, മെഴുവേലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പിങ്കി ശ്രീധർ, വൈസ് പ്രസിഡന്റ് അനിലാ ചെറിയാൻ എന്നിവർ പ്രസംഗിച്ചു. മൂലൂർ സ്മാരകം സെക്രട്ടറി പ്രൊഫ. ഡി. പ്രസാദ് സ്വാഗതവും കൺവീനർ വി. പ്രേമജകുമാർ നന്ദിയും പറഞ്ഞു. രഥഘോഷയാത്ര ഇന്ന് ശിവഗിരിയിൽ എത്തിച്ചേരും. തൊണ്ണൂറ്റിയൊന്നു വർഷം മുമ്പ് പീതാംബരധാരികളായ അഞ്ച് പേർ ഇലവുംതിട്ടയിലെ സരസകവി മൂലൂർ എസ്. പത്മനാഭ പണിക്കരുടെ വസതിയിൽ നിന്ന് ആരംഭിച്ച തീർത്ഥാടനം പിന്നീട് പതിനായിരങ്ങൾ പങ്കെടുക്കുന്ന തീർത്ഥാടന സമ്മേളനമായി പരിണമിക്കുകയായിരുന്നു.