
പത്തനംതിട്ട : നിർമ്മിത ബുദ്ധിയും അനിമേഷൻ സിനിമ നിർമ്മാണവും തങ്ങൾക്കും കഴിയുമെന്ന് തെളിയിച്ചു പൊതുവിദ്യാലയങ്ങങ്ങളിലെ
കുട്ടികൾ. ആദ്യ ബാച്ചിലെ 6 ഉപജില്ലാ ക്യാമ്പുകൾ കുട്ടികൾക്ക് അവിസ് മരണീയമായ അനുഭവങ്ങൾ സമ്മാനിച്ചുകൊണ്ട് ഇന്നലെ അവസാനിച്ചു.
ഏറ്റവും ആധുനിക സാങ്കേതിക വിദ്യകളായ നിർമിത ബുദ്ധി, മെഷീൻ ലേണിംഗ് സങ്കേതങ്ങൾ ഉപയോഗിക്കാൻ തങ്ങൾക്കും കഴിയും എന്ന സന്തോഷത്തിലാണ് പ്രോഗ്രാമിംഗ് വിഭാഗത്തിൽ പങ്കെടുത്ത കുട്ടികൾ. നിർമ്മിതബുദ്ധി, റോബോട്ടിക്‌സ് എന്നിവ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന തരം തിരിക്കൽ യന്ത്രം, മുഖം തിരിച്ചറിഞ്ഞ് പ്രവർത്തിക്കുന്ന വാതിൽ, ഡ്രൈവർ ഉറങ്ങിയാൽ മുന്നറിയിപ്പ് നൽകുന്ന ഉപകരണം എന്നിവയാണ് പ്രോഗ്രാമിംഗ് വിഭാഗത്തിൽ കുട്ടികൾ തയ്യാറാക്കിയത്.
ലഘുകഥകളെ അടിസ്ഥാനമാക്കി സമ്പൂർണ അനിമേഷൻ സിനിമ തയ്യാറാക്കുന്ന പ്രവർത്തനങ്ങളാണ് പ്രധാനമായും അനിമേഷൻ ക്യാമ്പിൽ നിന്ന് കുട്ടികൾക്ക് ലഭ്യമായത്. ജില്ലയിലെ പൊതുവിദ്യാലയങ്ങളിൽ പ്രവർത്തിച്ച് വരുന്ന ലിറ്റിൽ കൈറ്റ്‌സ് യൂണിറ്റുകളിലെ കുട്ടികൾക്ക് വേണ്ടിയുള്ള ക്യാമ്പുകളിലെ ആദ്യ ബാച്ചിന്റെ ക്യാമ്പാണ് ഇന്നലെ അവസാനിച്ചത്. സബ് ജില്ലാ ക്യാമ്പിൽ നിന്ന് തിരഞ്ഞെടുക്കുന്ന കുട്ടികളെ ജില്ലാ ക്യാമ്പിലും തുടർന്ന് സംസ്ഥാന ക്യാമ്പിലും പങ്കെടുപ്പിക്കും. ഇന്ന് മുതൽ നാല് ഉപജില്ലകളിലെ അഞ്ച് ക്യാമ്പുകൾ തുടങ്ങും.