pattu

തിരുവല്ല: മണ്ഡലംചിറപ്പ് മഹോത്സവത്തിന്റെ ഭാഗമായി മതിൽഭാഗം ഗോവിന്ദൻകുളങ്ങര ദേവീക്ഷേത്രത്തിൽ കളമെഴുത്തും പാട്ടും നടത്തി. ഭദ്രകാളി ഉപാസനയുടെ ഭാഗമായിട്ടാണ് കളമെഴുത്തും പാട്ടും നടത്തിയത്. എട്ട് തൃകൈകളോടുകൂടിയ ഭദ്രകാളി ഭാവമാണ് അഞ്ചു തരത്തിലുള്ള വർണ്ണപ്പൊടികൾ ഉപയോഗിച്ച് വരയ്ക്കുന്നത്. വാകയില പൊടിച്ചത് പച്ചയും, മഞ്ഞൾപൊടി മഞ്ഞയും, നെല്ലിന്റെ ഉമി കരിച്ചുപൊടിച്ച് കറുപ്പും അരിപ്പൊടി വെളളയും, മഞ്ഞൾ ചുണ്ണാമ്പ് മിശ്രിതം ചുമപ്പ് നിറങ്ങളും പകരുന്നു. അനുഷ്ഠാനകലാകാരനായ തെക്കേടത്ത് രാധാകൃഷ്ണനാണ് കളം വരച്ച് തയാറാക്കിയത്. മേൽശാന്തി കുളങ്ങര മഠത്തിൽ ജി.ശങ്കരൻ നമ്പൂതിരി ക്ഷേത്രത്തിലെ കാഞ്ഞിര വൃക്ഷത്തിൻ ചുവട്ടിലെ യക്ഷീ നടയിൽ വറപൊടി നിവേദ്യം അർപ്പിച്ചാണ് ചടങ്ങുകൾ ആരംഭിച്ചത്.