വള്ളിക്കോട് : വള്ളിക്കോട് പഞ്ചായത്തിലെ ചെമ്പതപ്പാലം റോഡ് കാടുവിഴുങ്ങിയത് യാത്രക്കാർക്കും നാട്ടുകാർക്കും ഭീഷണിയാകുന്നു. അപ്രോച്ച് റോഡിന് ഇരുവശങ്ങളിലും വളർന്നു നിൽക്കുന്ന കാട് അപകട ഭീഷണി ഉയർത്തുന്നതിനൊപ്പം വന്യമൃഗ ഭീഷണിയും വർദ്ധിപ്പിച്ചിട്ടുണ്ട്. വർഷങ്ങൾക്ക് മുമ്പ് ഇവിടെ സ്വകാര്യ ബസും സ്കൂൾ വാനും മറിഞ്ഞ് നിരവധി പേർക്ക് പരിക്കേറ്റിരുന്നു. ഇതിന് ശേഷം ഇവിടെ അടിക്കാട് തെളിയ്ക്കൽ കാര്യക്ഷമായിരുന്നെങ്കിലും ഇപ്പോൾ പ്രഹസനമായതാണ് ഇരുവശങ്ങളും കാട് വിഴുങ്ങാൻ കാരണമെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്.വലിയ തോടിന് കുറുകെയാണ് ചെമ്പതപ്പാലം സ്ഥിതി ചെയ്യുന്നത്. വിശാലമായ പാടത്തിന് നടുവിലൂടെയാണ് അപ്രോച്ച് റോഡ് കടന്നുപോകുന്നത്. പാട നിരപ്പിൽ നിന്ന് പന്ത്രണ്ടടിയോളം ഉയരത്തിൽ സംരക്ഷണ ഭിത്തി നിർമ്മിച്ചാണ് റോഡ് പണിതിരിക്കുന്നത്.
റോഡിന്റെ വശങ്ങൾ കാണുന്നില്ല
കാട് വളർന്നതോടെ റോഡിന്റെ വശങ്ങൾ കാണാൻ കഴിയില്ല. ഇതുമൂലം അപകടങ്ങൾ പതിവായിട്ടുണ്ട്. വാഹനങ്ങൾ റോഡിൽ നിന്നും തെന്നിമാറിയാൽ പാടത്തേക്കാണ് പതിക്കുന്നത്. ഒരു കിലോമീറ്ററോളം ദൂരത്തിൽ റോഡിന്റെ വശങ്ങൾ കാടുമൂടിയതോടെ ഇഴജന്തുക്കളുടെ ശല്യവും ഇവിടെ രൂക്ഷമാണ്. രാത്രി കാലങ്ങളിൽ ആളുകൾ ഈ പ്രദേശത്ത് കവറുകളിലാക്കി മാലിന്യങ്ങളും തള്ളാൻ തുടങ്ങിയതോടെ തെരുവുനായ ശല്യവും വ്യാപകമാണ്. റോഡിൽ നിലയുറപ്പിക്കുന്ന നായകൾ വാഹനയാത്രക്കാർക്കും കാൽനടയാത്രക്കാർക്കും പ്രദേശവാസികൾക്കും ഒരേപോലെ ഭീഷണിയാകുന്നുണ്ട്. ഇതിനു പുറമെ കാട്ടുപന്നി ശല്യവും വ്യാപകമാണ്. കുറ്റിക്കാട്ടിൽ താവളം ഉറപ്പിക്കുന്ന നായ്കളും പന്നികളും അപ്രതീക്ഷിതമായി റോഡ് മുറിച്ചുകടക്കുന്നത് അപകട ഭീഷണിയും വർദ്ധിപ്പിച്ചിട്ടുണ്ട്.