test

അടൂർ : കൊവിഡ് പരിശോധനയിൽ പോസി​റ്റിവ് ആണെന്ന് തെറ്റായ ഫലം നൽകിയ അടൂർ കെയർ സ്കാൻസ് ഡയഗണോസ്​റ്റിക്കിനെതിരെയും തിരുവനന്തപുരം ദേവി സ്‌കാൻസിനെതിരെയും ജില്ലാ ഉപഭോക്ത തർക്ക പരിഹാര കമ്മിഷൻ പ്രസിഡന്റ് ജോർജ് ബേബി, അംഗങ്ങളായ ഷാജിതാബീവി, നിഷാദ് തങ്കപ്പൻ എന്നിവർ നഷ്ടപരിഹാരം നൽകാൻ വിധി പുറപ്പെടുവിച്ചു. കണ്ണംങ്കോട് മംഗലത്തുപുത്തൻ വീട്ടിൽ ലിജോ ചെറിയാൻ ആണ് പരാതി​ക്കാരൻ. 2021 ൽ വിദേശത്തു പോകാൻ അടൂർ കെയർ സ്കാൻസ് ഡയഗണോസ്​റ്റിക്കിൽ പരിശോധന നടത്തി​യതാണ് കേസിലേക്ക് നയച്ചത്. വിമാനത്തിൽ യാത്ര ചെയ്യാൻ, 24 മണിക്കൂറിനുളളിൽ എടുക്കുന്ന കൊവിഡ് നെഗ​റ്റീവ് സർട്ടിഫിക്കേ​റ്റ് അന്ന് ആവശ്യമായിരുന്നു. വിദേശത്ത് ജോലി ശരിയായിരുന്നതിനാൽ ലിജോ ചെറിയാൻ ഒരുമാസമായി വീട്ടിൽ തന്നെ കഴിയുകയായിരുന്നു. 2021മെയ് 17ന് കൊവിഡ് ടെസ്​റ്റ് നടത്തുവാനായി ലാബിൽ സാമ്പിൾ നൽകി. 18ന് കൊവിഡ്‌ പോസി​റ്റിവ് ആണെന്ന് റിസൾട്ട് ലഭിച്ചു. ഇതിൽ സംശയം തോന്നി അന്നുതന്നെ അടൂർ താലൂക്ക് ആശുപത്രി​യിലും, പത്തനംതിട്ട ജില്ലാ ആശുപത്രി​യിലും വിണ്ടും പരിശോധന നടത്തിയപ്പോൾ കൊവിഡ് ഇല്ലെന്ന് സർട്ടിഫിക്കേ​റ്റ് ലഭിച്ചു. അടൂരിലെ മ​റ്റൊരു സ്വകര്യലാബിലും അന്നു തന്നെ നടത്തിയ പരിശോധനയിലും നെഗറ്റീവായി​രുന്നു ഫലം. തെ​റ്റായ പരിശോധനാഫലം ലഭിച്ചതിനാൽ വിദേശജോലി നഷ്ടപ്പെട്ടതിനൊപ്പം ഫ്ളൈറ്റ് ടിക്ക​റ്റിന്റെ പൈസയും നഷ്ടമായി. അഭിഭാഷകരായ വി.ആർ.സോജി, ബിജു വർഗീസ് എന്നിവർ മുഖേന ലിജോ ചെറിയാൻ പത്തനംതിട്ട ജില്ലാ ഉപഭോക്ത തർക്ക പരിഹാര കമ്മിഷനിൽ കേസ് ഫയൽ ചെയ്യുകയായി​രുന്നു. വിധി അനുസരിച്ച് 1,70,000/ രൂപ 9% പലിശ സഹിതം പരാതിക്കാരന് നൽകണം. കൂടാതെ 25,000 രൂപ നഷ്ടപരിഹാരവും 10,000 രൂപകോടതി ചെലവു നൽകാൻ കമ്മിഷൻ ഉത്തരവായി.