
പത്തനംതിട്ട : കളമശേരിയിൽ നിന്ന് 100 എം.വി.എ ട്രാൻസ്‌ഫോർമറുമായി വന്ന കൂറ്റൻ ട്രെയ്‌ലർ വിസ്മയക്കാഴ്ചയായി. പത്തനംതിട്ട നഗരത്തിലെത്തിയപ്പോൾ ഗതാഗതക്കുരുക്കുമായി. അഴൂർ 110 കെ.വി.സബ് സ്‌റ്റേഷനിലേക്ക് 100 എം.വി.എ ട്രാൻസ്‌ഫോർമർ 60 ടയറുകളുള്ള ട്രെയ്‌ലറിലാണ് എത്തിച്ചത്.
മണ്ണാറക്കുളഞ്ഞി, മൈലപ്ര, താഴെ വെട്ടിപ്രം വഴിയാണ് പത്തനംതിട്ടയിലേക്ക് കൊണ്ടുവന്നത്. വലിയ ഉയരമുള്ള ട്രാൻസ്‌ഫോർമർ ആയതിനാൽ വന്ന വഴികളിൽ ചിലയിടത്ത് അപകടം ഒഴിവാക്കാൻ വൈദ്യുത ലൈൻ ഓഫാക്കേണ്ടി വന്നു. ട്രെയ്‌ലർ സാവധാനമാണ് റോഡിലൂടെ കടന്നുപോയത്. ഇത് കാരണം രൂക്ഷമായ ഗതാഗത കുരുക്കും അനുഭവപ്പെട്ടു. ഇതുകാണാൻ റോഡരുകിൽ ആളുകൾ തടിച്ചുകൂടി. രാത്രിയിൽ വാഹന തിരക്ക് കുറഞ്ഞതിന് ശേഷമാണ് സാധാരണ ഇത്തരം വാഹനങ്ങൾ കടത്തി വിടാറുള്ളത്. എന്നാലിത് പട്ടാപ്പകൽ തിരക്കേറിയ സമയത്ത് കടത്തി വിട്ടതാണ് ഗതാഗത തടസത്തിന് കാരണമായത്. മൈലപ്രയിൽ നിന്ന് തിരിഞ്ഞ് റിംഗ് റോഡിൽ കയറി സെന്റ പീറ്റേഴ്‌സ് ജംഗ്ഷൻ വഴിയാണ് അഴൂരിലേക്ക് വാഹനം പോയത്. വിവരമറിഞ്ഞ് ട്രാഫിക് എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് തടയാൻ ചെന്നെങ്കിലും പകൽസമയത്ത് കൊണ്ടു പോകുന്നതിനുള്ള പ്രത്യേക അനുമതി വാങ്ങിയിരുന്നതിനാൽ യാത്ര തുടരാൻ അനുവദിച്ചു. ഒച്ചിഴയുന്ന വേഗത്തിലായിരുന്നു വാഹനത്തിന്റെ സഞ്ചാരം. രാത്രിയിൽ വാഹനം കടത്തിവിട്ടാൽ വൈദ്യുതി ബന്ധം മണിക്കൂറുകളോളം വിഛേദിക്കേണ്ടി വരുമെന്നാണ് കെ.എസ്.ഇ.ബിയും ട്രാഫിക് പൊലീസും പറയുന്നത്. വളരെയധികം ഉയരമുള്ള ഉപകരണമായതിനാൽ പല സ്ഥലത്തും വൈദ്യുതി കമ്പികൾ ഉയർത്തിയാണ് വാഹനം മുന്നോട്ടു കൊണ്ടുപോയത്.