c


കേന്ദ്രസർക്കാരിന്റെ അമൃത് ഭാരത് സ്റ്റേഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി തിരുവല്ല റെയിൽവേ സ്റ്റേഷന്റെ വികസനത്തിന് 12.41 കോടി രൂപ അനുവദിച്ചു. സ്റ്റേഷന്റെ പ്രധാന കവാടത്തിന്റെ നിർമ്മാണം, സ്റ്റേഷന്റെ മുന്നിലെ പോർച്ച്, ഫൂട്ട് ഓവർ ബ്രിഡ്ജ്, വിശ്രമസ്ഥലങ്ങളുടെയും കാത്തിരിപ്പ് സ്ഥലങ്ങളുടെയും വിസ്തൃതി വർദ്ധിപ്പിക്കൽ, വാഹനങ്ങൾക്ക് സുഗമമായി കടന്നുവരുന്നതിനും പോകുന്നതിനും പാർക്ക്‌ ചെയ്യുന്നതിനുമുള്ള സൗകര്യങ്ങൾ വർദ്ധിപ്പിക്കൽ, ലാൻഡ് സ്കേപ്പിംഗ്, പ്ലാറ്റ്ഫോമുകളുടെ നവീകരണം, മേൽക്കൂരകൾ പൂർണ്ണമായും റൂഫിംഗ് ചെയ്യുക, റെയിൽവേ ടിക്കറ്റ് ബുക്കിംഗ് സംവിധാനങ്ങൾ മെച്ചപ്പെടുത്തുക, ടോയ്‌ലറ്റുകൾ നിർമ്മിക്കുക, വലിയ ഇലക്ട്രോണിക് ഡിസ്പ്ലേ ബോർഡുകൾ സ്ഥാപിക്കുക, സ്റ്റേഷന്റെ എല്ലാഭാഗത്തും പൂർണമായും വെളിച്ചം പകരുക, വിവരവിനിമയ സംവിധാനങ്ങൾ മെച്ചപ്പെടുത്തുക, നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുക, റെയിൽവേ സ്റ്റേഷനെ ദിവ്യാംഗ സൗഹൃദമാക്കുക, പബ്ലിക് ഇൻഫർമേഷൻ സിസ്റ്റം മെച്ചപ്പെടുത്തുക, ബെഞ്ചുകൾ, വാഷ്ബേസിനുകൾ, ഡസ്റ്റ് ബിന്നുകൾ, സെറിമോണിയൽ ഫ്ലാഗ്, ഫർണിച്ചറുകൾ, സിഗ്നൽ ആൻഡ് ടെലികമ്മ്യൂണിക്കേഷൻ അറേഞ്ച്മെന്റ്സ് എന്നിവയാണ് നടപ്പാക്കുന്നത്.

സിനിമയെ വെല്ലുന്ന "സിറിഞ്ച് കഥ"


പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രസവശേഷം ചികിത്സയിൽ കഴിഞ്ഞിരുന്ന യുവതിയെ നഴ്സിന്റെ വേഷത്തിലെത്തിയ യുവതി വായു നിറഞ്ഞ സിറിഞ്ചുകൊണ്ട് കുത്തിവെച്ച് കൊലപ്പെടുത്താൻ ശ്രമിച്ചു. സംഭവത്തിൽ കായംകുളം പുല്ലുകുളങ്ങര സ്വദേശി അനുഷയെ (27) പുളിക്കീഴ് പൊലീസ് അറസ്റ്റുചെയ്തു. ആഗസ്റ്റ് 4ന് വൈകിട്ട് മൂന്നിന് പരുമല സെന്റ് ഗ്രിഗോറിയോസ് ആശുപത്രിയിലാണ് സംഭവം. കായംകുളം കരിയിലക്കുളങ്ങര സ്വദേശി സ്നേഹയെയാണ് (25) കൊല്ലാൻ ശ്രമിച്ചത്. മരുന്നില്ലാത്ത സിറിഞ്ച് ഉപയോഗിച്ച് വായു ധമനികളിൽ കയറ്റി കൊല്ലാനായിരുന്നു ശ്രമം. സ്നേഹയുടെ ഭർത്താവ് അരുണിന്റെ മുൻ സുഹൃത്താണ് അനുഷ. സ്നേഹയെ കൊലപ്പെടുത്തി അരുണിനെ സ്വന്തമാക്കാനാണ് ശ്രമിച്ചതെന്ന് അനുഷ പൊലീസിന് മൊഴി നൽകി.

തട്ടിപ്പിൽപ്പെട്ട് കുടുംബശ്രീ

നെടുമ്പ്രം ഗ്രാമപഞ്ചായത്തിലെ സി.ഡി.എസ്. കുടുംബശ്രീയുടെ 69.14 ലക്ഷത്തിന്റെ ഫണ്ട് ക്രമക്കേടുകൾ ജില്ലാ ഓഡിറ്റ് വിഭാഗം കണ്ടെത്തി. കൊവിഡ് സഹായം, മുഖ്യമന്ത്രിയുടെ പ്രളയസഹായം, അഗതികളുടെ ഫണ്ട്, കാൻസർ ചികിത്സാ സഹായം, ജനകീയ ഹോട്ടൽ നടത്തിപ്പ് എന്നിവയിൽ ഉൾപ്പെടെ ലക്ഷങ്ങളുടെ തിരിമറിയാണ് നടന്നത്. സി.ഡി.എസ് ചെയർപേഴ്സൺ പി.കെ.സുജ, അക്കൗണ്ടന്റ് എ. ഷീനാമോൾ, മുൻ വി.ഇ.ഒ വിൻസി എന്നിവർക്കെതിരെയാണ് കുടുംബശ്രീ ജില്ലാ ഓഡിറ്റ് വിഭാഗം ഗുരുതരമായ ക്രമക്കേടുകൾ കണ്ടെത്തിയത്. 2020 മുതൽ 23വരെയുള്ള കാലഘട്ടത്തിലാണ് ക്രമക്കേടുകൾ ഏറെയും നടന്നതായാണ് കണ്ടെത്തൽ. പഞ്ചായത്ത് അധികൃതർ നൽകിയ പരാതിയിൽ പി.കെ. സുജയെയും എ. ഷീനമോളെയും രണ്ടാഴ്ചമുമ്പ് പൊലീസ് അറസ്റ്റുചെയ്തു.

എപ്പിസ്‌കോപ്പൽ സ്ഥാനാഭിഷേകം

പന്ത്രണ്ട് വർഷത്തിനുശേഷം മാർത്തോമ്മാ സഭയിൽ എപ്പിസ്‌കോപ്പൽ സ്ഥാനാഭിഷേകം നടത്തി. റമ്പാൻമാരായ റവ.സാജു സി.പാപ്പച്ചൻ, റവ.ഡോ.ജോസഫ് ഡാനിയേൽ, റവ.മാത്യു കെ.ചാണ്ടി എന്നിവരാണ് സഖറിയാസ് മാർ അപ്രേം, ഡോ. ജോസഫ് മാർ ഈവാനിയോസ്, മാത്യൂസ് മാർ സെറാഫിം എന്നീ പേരുകളിൽ അഭിഷിക്തരായത്.