
2023 പടിയിറങ്ങുകയാണ്. നിരവധി ജീവനുകൾ പൊലിഞ്ഞ അപകടങ്ങളേറെയായിരുന്നു ഉണ്ടായത്. . ക്രിമിനിൽ കേസുകളിൽ വലിയ വർദ്ധനയുണ്ടായി. എടുത്തു പറയത്തക്ക വികസന നേട്ടങ്ങളില്ലാതെയാണ് ഇൗ വർഷം അവസാനിക്കുന്നത്.
നവംബറിന്റെ നഷ്ടം
സുപ്രീം കോടതിയിലെ ആദ്യ വനിതാ ജഡ്ജിയും തമിഴ്നാട് മുൻഗവർണറുമായ ജസ്റ്റിസ് ഫാത്തിമ ബീവി അന്തരിച്ചു. ഹൈക്കോടതിയിലെ ആദ്യ മുസ്ലീം വനിതാ ജഡ്ജി, പിന്നാക്ക വിഭാഗ കമ്മിഷൻ ആദ്യ അദ്ധ്യക്ഷ, പ്രഥമ കേന്ദ്ര മനുഷ്യാവകാശ കമ്മിഷൻ അംഗം, ആദ്യ മുസ്ലീം വനിതാ ഗവർണർ തുടങ്ങി വിവിധ പദവികളിലൂടെ ജസ്റ്റിസ് ഫാത്തിമ ബീവി ചരിത്രത്തിലിടം നേടി.
1927 ഏപ്രിൽ 30ന് പത്തനംതിട്ടയിൽ മീരാസാഹിബിന്റെയും ഖദീജാബീവിയുടെയും മകളായി ജനിച്ച ഫാത്തിമ 1950 നവംബർ 14 നാണ് അഭിഭാഷകയായി തന്റെ ഔദ്യോഗികജീവിതം ആരംഭിക്കുന്നത്. 1958 ൽ സബോഡിനേറ്റ് മുൻസിഫായി നിയമിതയായി. 1968 ൽ സബ് ഓർഡിനേറ്റ് ജഡ്ജ് ആയി പ്രൊമോട്ട് ചെയ്യപ്പെട്ടു. 1972 ൽ ചീഫ് ജുഡീഷ്യൻ മജിസ്‌ട്രേറ്റ് ആയി. , 1974 ൽ ജില്ലാ, സെഷൻസ് ജഡ്ജും ആയി.1980 ജനുവരിയിൽ ഇൻകം ടാക്‌സ് അപ്പലേറ്റ് ട്രൈബ്യൂണലിൽ ജുഡീഷ്യൽ അംഗമായി. 1984 ഹൈക്കോടതി ജഡ്ജിയായി നിയമിക്കപ്പെട്ടു. 1984 ൽ തന്നെ ഹൈക്കോടതിയിലെ സ്ഥിരം ജഡ്ജിയായി നിയമനം ലഭിച്ചു. 1989 ഏപ്രിൽ 29ന് ഹൈക്കോടതിയിൽ നിന്ന് വിരമിച്ചു. 1989 ഒക്ടോബർ 6ന് സുപ്രീം കോടതിയിൽ ജഡ്ജിയായി നിയമനം ലഭിച്ചു. 1992 ഏപ്രിൽ 29ന് വിരമിച്ചു. 2023 നവംബർ 23ന് അന്തരിച്ചു.
ഹിറ്റായി റോബിൻ ബസ്
ഓൾ ഇന്ത്യ പെർമിറ്റുമായി സ്റ്റോപ്പുകളിൽ നിറുത്തി പത്തനംതിട്ട- കോയമ്പത്തൂർ സർവീസ് നടത്തിയ റോബിൻ എന്ന സ്വകാര്യ ബസിനെ കേരളത്തിലും തമിഴ്നാട്ടിലും തടഞ്ഞ് ഉദ്യോഗസ്ഥർ പിഴചുമത്തിയത് വിവാദമായി. ഒടുവിൽ ബസ് കസ്റ്റഡിയിലെടുക്കുകയും മൊത്തം പിഴത്തുക 1,07,910 രൂപ അടച്ച് ഉടമ ബസ് പുറത്തിറക്കുകയും ചെയ്തു.
കോൺട്രാക്ട് കാര്യേജ് ബസാണ് റോബിനെന്നും ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റ് ചട്ടങ്ങളിൽ ഇത്തരം ബസുകൾക്ക് ഡെസ്റ്റിനേഷൻ ബോർഡ് (യാത്ര തുടങ്ങുന്നതും അവസാനിക്കുന്നതുമായ സ്ഥലം) വയ്ക്കാനും ഇടയ്ക്ക് യാത്രക്കാരെ കയറ്റാനും അനുവാദമില്ലെന്നും പറഞ്ഞായിരുന്നു എം.വി.ഡി നടപടി.
നൗഷാദിനെ കണ്ടെത്തി ജീവനോടെ
ഭർത്താവ് നൗഷാദിനെ അടൂരിൽ കൊന്ന് കുഴിച്ചിട്ടുവെന്ന ഭാര്യയുടെ മൊഴിക്കും തെളിവെടുപ്പിനും ശേഷം തൊട്ടടുത്ത ദിവസം നൗഷാദ് ജീവനോടെ തൊടുപുഴയിൽ കണ്ടെത്തി. പത്തനംതിട്ട കൂടൽ സ്റ്റേഷനിൽ റിപ്പോർട്ട് ചെയ്ത കേസിൽ നടന്ന വമ്പൻ ട്വിസ്റ്റിൽ ഞെട്ടി കേരളം. . ഇരുവരും തമ്മിൽ വഴക്ക് പതിവായതോടെ അഫ്സാനയുടെ സുഹൃത്തുക്കളെത്തി നൗഷാദിനെ ക്രൂരമായി മർദ്ദിച്ചിരുന്നു. തലയ്ക്കടിയേറ്റു വീണ നൗഷാദ് ബോധമറ്റ് കിടന്നതോടെ മരിച്ചുവെന്ന് കരുതി അഫ്സാന വീടുവിട്ടിറങ്ങി. പിറ്റേ ദിവസം ബോധം തെളിഞ്ഞപ്പോൾ ആരോടും പറയാതെ ഇടുക്കിയിലേക്ക് പോകുകയായിരുന്നുവെന്ന് നൗഷാദ് പൊലീസിനോട് പറഞ്ഞു. എന്നാൽ ഇതറിയാതെ രാവിലെ മടങ്ങിവന്ന അഫ്സാന നൗഷാദിനെ കാണാതെ കുഴങ്ങി. 2021 നവംബർ ഒന്നുമുതലാണ് നൗഷാദിനെ കാണാതായത്.
പുനലൂർ - മൂവാറ്റുപുഴ പാത ജീവനെടുക്കുമ്പോൾ
പുനലൂർ - മൂവാറ്റുപുഴ പാതയിൽ വാഹനങ്ങളുടെ അമിത വേഗത കാരണം ഒരു വർഷത്തിനിടെ 9 മരണങ്ങൾ ആണ് സംഭവിച്ചത്. മൈലപ്ര മുതൽ കുമ്പഴ വരെയുള്ള ഒന്നര കിലോ മീറ്ററിൽ ചോര ഉണങ്ങാതായിട്ട് നാളുകളേറെയായി. പഞ്ചായത്തുപടി, പള്ളിപ്പടി, വില്ലേജ് ഓഫീസ് പടി, കുമ്പഴ വടക്ക് തുടങ്ങി എല്ലാ സ്ഥലവും അപകടമേഖലയായി മാറിയിരിക്കുന്നു. തുടർച്ചയായുള്ള അപകടമരണങ്ങൾ ഈ റോഡിൽ സഞ്ചരിക്കാൻ യാത്രക്കാരെ പേടിപ്പെടുത്തുന്നുണ്ട്.
നിയന്ത്രണങ്ങൾ പാളിയ തീർത്ഥാടനം
ശബരിമലയിലെ തിരക്ക് നിയന്ത്രണം സമാനതകളില്ലാത്ത വിധം പാളിയത് തീർത്ഥാടകരെ തീരാ ദുരിതത്തിലാക്കി. പൊലീസ് വാഹനങ്ങൾ വഴിയിൽ തടയുകയും തീർത്ഥാടകരെ ശരണപാതയിൽ വടംകെട്ടി തടഞ്ഞു നിർത്തുകയും ചെയ്തതോടെ സ്ത്രീകളും കുട്ടികളുമടങ്ങുന്ന അയ്യപ്പഭക്തർ 24മണിക്കൂറിലധികം ക്യൂവിൽ കഴിയേണ്ടിവന്നു. ഇതേ തുടർന്ന് ശബരിമലയാത്ര ഉപേക്ഷിച്ച് പന്തളം, നിലയ്ക്കൽ, അച്ചൻകോവിൽ എന്നീ ക്ഷേത്രങ്ങളിലെത്തി തീർത്ഥാടകർ നെയ്‌ത്തേങ്ങ സമർപ്പിച്ച് മടങ്ങിയതും പോയവർഷത്തെ വേറിട്ട കാഴ്ചയായി.