കോന്നി : കോന്നി നിയോജക മണ്ഡലത്തിലെ എട്ട് ആരോഗ്യ ഉപ കേന്ദ്രങ്ങളുടെ വികസനത്തിന് 4.44 കോടി രൂപ അനുവദിച്ചതായി അഡ്വ. കെ.യു ജനീഷ് കുമാർ എം.എൽ.എ അറിയിച്ചു. മലയാലപ്പുഴ പഞ്ചായത്തിലെ കാഞ്ഞിരപ്പാറ, പുതുക്കുളം , അരുവാപ്പുലം പഞ്ചായത്തിലെ വയക്കര, മുതുപേഴുങ്കൽ, സീതത്തോട് പഞ്ചായത്തിലെ കോട്ടമൺപാറ, കൊച്ചുകോയിക്കൽ, കലഞ്ഞൂർ പഞ്ചായത്തിലെ ഇടത്തറ, തണ്ണിത്തോട് പഞ്ചായത്തിലെ പ്ലാന്റേഷൻ ആരോഗ്യ ഉപ കേന്ദ്രത്തിനുമാണ് പുതിയ കെട്ടിടം നിർമ്മിക്കുന്നതിന് 55.5 ലക്ഷം രൂപ വീതം അനുവദിച്ചത്. പഞ്ചായത്ത് എൻജിനീയറിംഗ് വിഭാഗത്തിലാണ് നിർവഹണ ചുമതല. സ്വന്തമായി ഭൂമിയുള്ള കെട്ടിടമില്ലാത്ത ആരോഗ്യ ഉപ കേന്ദ്രങ്ങൾക്കാണ് ആദ്യഘട്ടത്തിൽ തുക അനുവദിച്ചത്. 27.5ലക്ഷം രൂപ വീതം പഞ്ചായത്തുകളുടെ അക്കൗണ്ടിലേക്ക് ആദ്യഘട്ട പ്രവർത്തികൾക്ക് തുക ലഭ്യമാക്കിയിട്ടുണ്ട്. പ്രവർത്തിയുടെ പുരോഗതിക്കനുസരിച്ച് ബാക്കി തുകയും പഞ്ചായത്തുകളുടെ അക്കൗണ്ടിലേക്ക് ലഭ്യമാക്കും. പ്രവർത്തികൾ വേഗത്തിൽ ആരംഭിക്കാനായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചുചേർത്ത് ആവശ്യമായ നിർദ്ദേശം നൽകുമെന്ന് എം.എൽ.എ അറിയിച്ചു. മണ്ഡലത്തിലെ ആരോഗ്യമേഖലയുടെ സമഗ്ര വികസനം ലക്ഷ്യമിട്ടാണ് ആരോഗ്യ ഉപ കേന്ദ്രങ്ങളും പുതിയ കെട്ടിടങ്ങൾ നിർമ്മിച്ച് നവീകരിക്കുന്നത്. നിലവിൽ കോന്നി മെഡിക്കൽ കോളേജിൽ 352കോടി രൂപയുടെ വികസന പ്രവർത്തികൾ അതിവേഗം പുരോഗമിക്കുകയാണ്. കോന്നി താലൂക്ക് ആശുപത്രി 13 കോടി, മലയാലപ്പുഴ ഫാമിലി ഹെൽത്ത് സെന്റർ -7.62 കോടി, കൂടൽ ഫാമിലി ഹെൽത്ത് സെൻസർ 6.62 കോടി, ചിറ്റാർ കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ- 2 കോടി, വള്ളിക്കോട് കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ -1.06 കോടി, മൈലപ്ര പ്രാഥമിക ആരോഗ്യ കേന്ദ്രം -1.60 കോടി,കൊക്കാത്തോട് - പ്രാഥമിക ആരോഗ്യ കേന്ദ്രം 1.35 കോടി എന്നിങ്ങനെ നിർമ്മാണ പ്രവർത്തികളും പുരോഗമിക്കുകയാണ്. ചിറ്റാർ അമ്മയും കുഞ്ഞും ജില്ലാ ആശുപത്രിക്ക് സ്വന്തമായി ഭൂമി ലഭ്യമാക്കിയിട്ടുണ്ട് .നിർമ്മാണ പ്രവർത്തിക്കായുള്ള സ്ട്രക്ച്ചറൽ ഡിസൈൻ പൊതുമരാമത്ത് വകുപ്പ് ലഭ്യമാക്കിയിട്ടുണ്ട്.